ഇ ഡിക്കെതിരെ നിയമസഭാ അവകാശ സമിതി; ജയിംസ് മാത്യുവിന്റെ പരാതിയില്‍ വിശദീകരണം തേടും

Posted on: November 5, 2020 4:54 pm | Last updated: November 5, 2020 at 7:51 pm

തിരുവനന്തപുരം | ലൈഫ് മിഷന്‍ പദ്ധതിയുടെ മുഴുവന്‍ ഫയലുകളും ആവശ്യപ്പെട്ട ഇ ഡി നടപടിക്കെതിരായ ജയിംസ് മാത്യു എം എല്‍ എയുടെ പരാതിയില്‍ ഇ ഡിയോട് വിശദീകരണം തേടാന്‍ കേരള നിയമസഭാ അവകാശ സമിതി തീരുമാനിച്ചു. ഒരാഴ്ചക്കുള്ളില്‍ സമിതിക്ക് ഇ ഡി വിശദീകരണം നല്‍കണം.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നീക്കം അവകാശ ലംഘനമാണെന്ന് ആരോപിച്ചാണ് ജയിംസ് മാത്യു പരാതി നല്‍കിയത്. ഇ ഡി ഇടപെടല്‍ മൂലം പദ്ധതി സ്തംഭനാവസ്ഥയിലായിരിക്കുകയാണെന്നും നിരവധി പാവപ്പെട്ടവരുടെ വീടെന്ന സ്വപ്‌നം ഇതോടെ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണെന്നും ജയിംസ് മാത്യു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.