Connect with us

Kerala

വ്യാജ രേഖ ചമച്ച് ബേങ്കില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയ രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട് |  വ്യാജരേഖകള്‍ ചമച്ചും ആള്‍മാറാട്ടം നടത്തിയും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്ത് ആഢംബര ജീവിതം നയിച്ചുവന്ന രണ്ട് പേര്‍ പിടിയില്‍ കോഴിക്കോട് സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബേങ്കില്‍ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. കടലുണ്ടി സുമതി നിവാസില്‍ കെപി പ്രദീപന്‍ (40) , മൊടക്കല്ലൂര്‍ പാലക്കല്‍ സിജുലാല്‍ (45) എന്നിവരാണ് അറസ്റ്റിലായത്.

2013ലാണ് കേസിനാസ്പദമായ സംഭവം .രണ്ടാം പ്രതി സിജുലാലിന്റെ ബന്ധുകൂടിയായ നന്മണ്ട സ്വദേശിയുടെ 84 സെന്റ് സ്ഥലം 2009ല്‍ ബാലുശേരിയിലെ കെഡിസി ബേങ്ക് ശാഖയില്‍ പണയം വച്ച കാര്യം മറച്ചുവെച്ച് ചേളന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും ആധാരം പകര്‍ത്തി വാങ്ങി നോട്ടറി അറ്റസ്റ്റ് ചെയ്യിച്ച് വ്യാജ ഐഡി കാര്‍ഡ് അടക്കമുള്ള രേഖകള്‍ നിര്‍മ്മിച്ചു.

ആള്‍മാറാട്ടം നടത്തിയാണ് ഇവര്‍ സിറ്റി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബേങ്കിന്റെ കല്ലായ് റോഡ് ശാഖയില്‍ നിന്നും 26 ലക്ഷം രൂപ വാായ്പ തരപ്പെടുത്തിയത്. തട്ടിപ്പ് ബോധ്യപ്പെട്ട ബേങ്കിന്റെ പരാതിയില്‍ കഴിഞ്ഞ എട്ടു മാസമായി ടൗണ്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും അറസ്റ്റാലായത്. തമിഴ്‌നാട്ടിലും പാലക്കാടും കൂത്തുപറമ്പിലുമായി ഒളിവില്‍ കഴിയികുയായിരുന്നു ഇവര്‍.

സിജുലാലിനെ കൂത്തുപറമ്പില്‍ വെച്ചും പ്രദീപനെ കടലുണ്ടിയില്‍ നിന്നുമാണ് പിടികൂടിയത്. പല സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് ധൂര്‍ത്തടിച്ച് ജീവിക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.