Connect with us

Malappuram

മാവോയിസ്റ്റ് ഏറ്റുമുട്ടൽ: അതിർത്തികളിൽ പോലീസ് പരിശോധന ശക്തമാക്കി

Published

|

Last Updated

നിലമ്പൂർ | വയനാട് പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റ് കൊല്ലപെട്ട സംഭവത്തെ തുടർന്ന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ പോലീസ് പരിശോധന ശക്തമാക്കി. കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി വേൽമുരുകൻ്റെ കൂട്ടാളികൾ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ ശക്തമായ പരിശോധന നടത്തുന്നത്. വേൽമുരുകൻ കൊല്ലപ്പെട്ടതിന് മാവോയിസ്റ്റുകൾ തിരിച്ചടിക്ക് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് വിവരം കൈമാറിയിട്ടുണ്ട്. കേരളത്തിൻ്റെ അതിർത്തി ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.

വഴിക്കടവ് ആനമറിയിൽ തണ്ടർ ബോൾട്ടിൻ്റെ സഹായത്തോടെ പോലീസ് കർശന പരിശോധന തുടരുകയാണ്. നാടുകാണി ചുരത്തിലൂടെയെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാഹനങ്ങളിൽ കയറിയും പരിശേധിക്കുന്നുണ്ട്. നാടുകാണിയിൽ തമിഴ്നാടിൻ്റെ പ്രത്യേക പോലീസ് ടീമും പരിശോധന കർശനമാക്കിയിട്ടുണ്ട്. വഴിക്കടവ് ആനമറിയിലെ എക്സൈസ്, വനം വകുപ്പ് ചെക്ക് പോസ്റ്റുകളിലും പ്രത്യേക പരിശോധന തുടങ്ങിയിട്ടുണ്ട്. ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ആഭ്യന്തര വകുപ്പിൻ്റെ അറിയിപ്പ് വരുന്നത് വരെ അതിർത്തി പ്രദേശങ്ങളിൽ രാത്രിയും പകലും വ്യത്യാസമില്ലാതെ പരിശോധന തുടരും.

Latest