Connect with us

Editorial

തരൂർ നൽകുന്ന താക്കീത്

Published

|

Last Updated

തന്റെ “ദി ബാറ്റിംഗ് ഓഫ് ബിലോംഗിംഗ്” (സ്വന്തമാക്കാനുള്ള പോരാട്ടം) എന്ന പുതിയ പുസ്തകത്തെക്കുറിച്ച് പി ടി ഐയോട് സംസാരിക്കവെ, കോണ്‍ഗ്രസ് മതേതരത്വത്തില്‍ ഉറച്ചു നില്‍ക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുകയുണ്ടായി കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. ബി ജെ പിയുടെ ചെറുപതിപ്പായി മാറാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന് അപകടകരമാണ്. ബി ജെ പിയുടെ രാഷ്ട്രീയ സന്ദേശം വെള്ളം ചേര്‍ത്ത് നല്‍കുന്ന പാര്‍ട്ടിയാകരുത് കോണ്‍ഗ്രസ്. അത് പാര്‍ട്ടിയുടെ പൂര്‍ണ തകര്‍ച്ചക്കിടയാക്കും. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും ഹിന്ദു മതത്തെയും വേര്‍തിരിച്ചു തന്നെയാണ് കോണ്‍ഗ്രസ് മനസ്സിലാക്കുന്നത്. മുന്‍വിധികളില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദു മതം. ചിലരെ മാത്രം ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം. അതിനോട് പൊരുത്തപ്പെടാന്‍ കോണ്‍ഗ്രസിനാകില്ല. അദ്ദേഹം വിശദീകരിച്ചു.

കോണ്‍ഗ്രസിനെതിരെ ഗൗരവതരമായ രീതിയില്‍ മൃദുഹിന്ദുത്വ ആരോപണം ഉയര്‍ന്നു വരികയും മോദി ഭരണത്തില്‍ ഇന്ത്യന്‍ മതേതരത്വം അപകടാവസ്ഥയെ അഭിമുഖീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തരൂര്‍ ഇക്കാര്യം എടുത്തു പറഞ്ഞത്. മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് തന്നെ എടുത്തു മാറ്റാനുള്ള നീക്കമാണ് നടന്നു വരുന്നത്. രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന, കോണ്‍ഗ്രസിന് കേന്ദ്ര ഭരണം ലഭിച്ചാല്‍ ക്ഷേത്രം പണിയുമെന്ന ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഹരീഷ് റാവത്തിന്റെ പ്രഖ്യാപനം, ബീഫ് നിരോധനം സംബന്ധിച്ച ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിലെ ദ്വിഗ് വിജയ് സിംഗിന്റെ അവകാശവാദം, ഹിന്ദു വിശ്വാസിയാണെന്ന് തെളിയിക്കാന്‍ ക്ഷേത്രങ്ങളില്‍ കയറുകയും ബ്രാഹ്മണനാണെന്നു തെളിയിക്കാന്‍ പൂണൂല്‍ ധരിക്കുകയും ചെയ്യുന്ന ചില നേതാക്കളുടെ നിലപാട്, തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഗുലാം നബി ആസാദിനെ പോലെയുള്ള മുസ്‌ലിം നേതാക്കള്‍ക്ക് അയിത്തം കല്‍പ്പിക്കല്‍ തുടങ്ങി പാര്‍ട്ടി നേതൃത്വത്തിന്റെ സമീപ കാലത്തെ പല നടപടികളും മൃദുഹിന്ദുത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മതേതര കക്ഷികളും മത ന്യൂനപക്ഷങ്ങളും പാര്‍ട്ടിയുടെ ഈ പോക്കില്‍ അസ്വസ്ഥരാണ്. 2018 ജൂലൈയില്‍ പ്ലാനിംഗ് കമ്മീഷന്‍ മുന്‍ അംഗം സഈദ് ഹമീദ്, ജെ എന്‍ യു പ്രൊഫസര്‍ സോയ ഹസന്‍, അലിഗഢ് മുസ്‌ലിം സര്‍വകലാശാല മുന്‍ പ്രസിഡന്റ് ഇസെഡ് കെ ഫൈസാന്‍, വിദ്യാഭ്യാസവിചക്ഷണനായ ഇല്‍യാസ് മാലിക് എന്നിവരുള്‍പ്പെട്ട പതിനൊന്നംഗ പ്രതിനിധി സംഘം രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് തങ്ങളുടെ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ചിരുന്നു. ബാബരി മസ്ജിദ് ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്ത കോടതി ഉത്തരവിനു പിന്നാലെ കഴിഞ്ഞ വര്‍ഷം നവംബറില്‍ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ മുസ്‌ലിം ലീഗ് നേതൃത്വവും കോണ്‍ഗ്രസിന്റെ ഈ നിലപാടില്‍ അതൃപ്തി അറിയിക്കുകയുണ്ടായി.

2011ലെ സെന്‍സസ് അനുസരിച്ച് രാജ്യത്തെ ജനസംഖ്യയില്‍ 79.08 ശതമാനവും ഹിന്ദുക്കളാണ്. മുസ്‌ലിംകള്‍ 14.02 ശതമാനവും ക്രിസ്ത്യാനികള്‍ 2.3 ശതമാനവും. വര്‍ഗീയ കാര്‍ഡുകളിറക്കി ഭൂരിപക്ഷ സമുദായത്തെ സ്വാധീനിച്ചാണ് ബി ജെ പി അധികാരത്തില്‍ വന്നത്. രാമക്ഷേത്ര നിര്‍മാണം, കശ്മീരിന്റെ പ്രത്യേകാവകാശം പോലുള്ള വര്‍ഗീയ അജന്‍ഡകളും കപട ദേശീയതയുമായിരുന്നു മുഖ്യമായും അവരുടെ പ്രചാരണായുധങ്ങള്‍. എന്നിട്ടും പാര്‍ട്ടി വന്‍ വിജയം കൊയ്തു. ഒറ്റക്ക് കേവല ഭൂരിപക്ഷവും ലഭിച്ചു. അതേസമയം, മോദി സര്‍ക്കാറിന്റെ ഭരണ പരാജയങ്ങളെ അക്കമിട്ടു നിരത്തിയും വികസന അജന്‍ഡകള്‍ അവതരിപ്പിച്ചും തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. ഇതോടെയാണ് മൃദുഹിന്ദുത്വത്തിലേക്ക് തിരിയുകയല്ലാതെ പാര്‍ട്ടിക്ക് രക്ഷയില്ലെന്ന ചിന്താഗതി നേതാക്കളില്‍ ഒരു വിഭാഗത്തെ പിടികൂടാന്‍ തുടങ്ങിയത്. ന്യൂനപക്ഷങ്ങളുമായി അടുത്തു നില്‍ക്കുന്ന പാര്‍ട്ടിയെന്ന പ്രതിച്ഛായയാണ് 2014ല്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണമെന്ന എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടും അവരുടെ ചിന്താഗതിക്ക് ബലമേകി.

ശശി തരൂര്‍ ചൂണ്ടിക്കാട്ടുന്നതു പോലെ ഈ ചിന്താഗതി അപകടകരമാണ്. ഇത് പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടാനിടയാക്കും. പരമ്പരാഗത കോണ്‍ഗ്രസുകാര്‍ക്ക് പുറമെ പാര്‍ട്ടിയെ അധികാരത്തിലേറാന്‍ എന്നും സഹായിച്ചിട്ടുള്ളത് മത ന്യൂനപക്ഷങ്ങളാണ്. അയോധ്യ പ്രശ്‌നത്തില്‍ റാവു സര്‍ക്കാറിന്റെ ഭാഗത്ത് ഗുരുതരമായ നയവൈകല്യങ്ങള്‍ സംഭവിച്ചതോടെയാണ് മത ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയുമായി അകലാന്‍ തുടങ്ങിയത്. ഇത് പരിഹരിക്കേണ്ടത് ഹിന്ദുത്വത്തിലേക്ക് കൂടുതല്‍ അടുത്തു കൊണ്ടല്ല, എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുകയും അവരുടെ വികാരങ്ങള്‍ മാനിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് തെളിയിച്ചും മതേതര മൂല്യങ്ങള്‍ കൂടുതല്‍ സജീവമാക്കിയുമാണ്. ഒപ്പം രാജ്യത്തെ മതേതര പ്രസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്നതിന് മുന്‍കൈയെടുക്കുകയും വേണം.

ലോക്‌സഭയില്‍ തനിച്ച് 303 സീറ്റ് നേടിയെങ്കിലും 2019ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വോട്ടിംഗ് ശതമാനം 37.1 ആണെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. വോട്ടര്‍മാരില്‍ 63 ശതമാനവും ബി ജെ പിക്കും മോദിക്കും എതിരായാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 2014നെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന നേടിയപ്പോള്‍ അവരുടെ വോട്ടിംഗ് ശതമാനത്തിലെ വര്‍ധന 6.2 മാത്രമാണ്. അതേസമയം, വോട്ടിംഗ് ശതമാനത്തില്‍ കോണ്‍ഗ്രസും നേടി ആറ് ശതമാനം വര്‍ധന. മതേതതര കക്ഷികളുടെ അനൈക്യമാണ് ബി ജെ പിയെ അധികാരത്തിലേറാന്‍ സഹായിച്ചതെന്നും രാഷ്ട്രീയ ശക്തിയുടെ പിന്‍ബലത്തിലല്ലെന്നുമാണ് ഇതെല്ലാം കാണിക്കുന്നത്. മതേതര സമൂഹത്തിന് കോണ്‍ഗ്രസില്‍ ഇപ്പോഴും പ്രതീക്ഷയുണ്ട്. അത് നഷ്ടപ്പെടുത്തുന്ന ഒരു നീക്കവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകരുത്. മതേതരത്വ മൂല്യങ്ങളില്‍ ഊന്നിയുള്ള പ്രയാണമാണ് പാര്‍ട്ടിയില്‍ നിന്ന് ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നത്.