വെറുപ്പിന്റെ അടിവേര് തേടി

വാക്കിന്റെ രാഷ്ട്രീയം - സ്മിത നെരവത്ത്
Posted on: November 3, 2020 9:30 pm | Last updated: November 3, 2020 at 9:36 pm
വാക്കിന്റെ രാഷ്ട്രീയം – സ്മിത നെരവത്ത്

ലോകം നിരന്തരം പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജ്ഞാനോദയ സങ്കൽപ്പങ്ങളുടെ പിറവിക്ക് ശേഷം മാനവിക കുലം മുഴുവൻ പരിഷ്‌കൃതമായെന്ന് പൊതുവെ ഗണിക്കാറുണ്ടെങ്കിലും പ്രാകൃതാശയങ്ങളുടെ ജീർണതകൾ പരിഷ്‌കാരത്തിന്റെ മുഖം മൂടിയണിഞ്ഞ് ഇന്നും നമുക്കിടയിൽ നിലനിൽക്കുന്നു. വ്യത്യസ്ത കാലഘട്ടങ്ങളിലായി മനുഷ്യത്വം എന്ന വിശാല സങ്കൽപ്പത്തിൽ മായം കലർത്തിയ, വെറുപ്പിൽ നിർമിതമായ ആശയങ്ങളുടെ അടിവേരന്വേഷിച്ചുള്ള യാത്രയാണ് “വാക്കിന്റെ രാഷ്ട്രീയം’. നിഘണ്ടുവിലെ കേവല ആഖ്യാനങ്ങൾക്കപ്പുറത്തേക്ക് പാർശ്വവത്കരണത്തിന്റെ പുതിയ ആവിഷ്കാരമെന്നോണം ബോധപൂർവം രൂപപ്പെടുത്തിയെടുത്ത വാക്കുകളുടെ ചരിത്രത്തെയും രാഷ്ട്രീയത്തെയും വിശദീകരിക്കുന്ന സ്മിത നെരവത്തിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഒരു അക്കാദമിക്കൽ പഠനം എന്നതിനപ്പുറം ചുറ്റിലുമുള്ള വീർപ്പുമുട്ടുന്ന മനുഷ്യരുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം കൂടിയാണിത്.

തീവ്ര വലത് സങ്കൽപ്പങ്ങൾ അരങ്ങു തകർക്കുന്ന സമകാലികാന്തരീക്ഷത്തിൽ വാക്കിന്റെ രാഷ്ട്രീയം വിശാല വായനയർഹിക്കുന്നുണ്ട്. ലോക ചരിത്രത്തിലെ രക്തരൂഷിതമായ നാസി, ഫാസി സങ്കൽപ്പങ്ങളുടെ ഉദയാസ്തമയങ്ങളെ വസ്തുതാപരമായി തന്നെ കൃതി നിരീക്ഷിക്കുന്നു. പ്രാകൃത മാനുഷിക സമൂഹത്തിലെ മൃഗീയതകളെ വംശീയ ശുദ്ധീകരണം നൽകി പുനഃസ്ഥാപിക്കാൻ ശ്രമിച്ചത് ഫാസിസ്റ്റ് ആവിഷ്‌കാരങ്ങളായിരുന്നു. മുതലാളിത്വ അടിച്ചമർത്തലുകൾക്കെതിരെ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഉയർന്നുവന്ന കമ്യൂണിസ്റ്റ് ആശയങ്ങളോട് തീവ്രസമീപനം പുലർത്തിയതോടെ ഫാസിസ്റ്റുകൾ കോർപറേറ്റുകളുടെ കുഴലൂത്തുകാരായും പരിവർത്തനം ചെയ്യപ്പെട്ടു.

ലോകത്തെ ഏറ്റവും വലിയ ശക്തി കൈയൂക്കാണെന്ന ഫ്രെഡറിക് നീഷെയുടെ ആശയത്തിന് 19ാം നൂറ്റാണ്ടിലെ യൂറോപ്പിൽ വലിയ സ്വീകാര്യത കൈവന്നു. നീഷേയുടെ അപരിഷ്‌കൃത നിരീക്ഷണത്തെ സ്വാംശീകരിച്ച സ്വിറ്റ്‌സർലൻഡുകാരനായ പ്രൊഫ. ഫ്രെഡോ പ്രാറ്റോയാണ് ഫാസിസത്തിന്റെ താത്വികാചാര്യൻ. ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യനായിരുന്നു മുസോളിനി. പ്രാറ്റോയുടെ ദ്രുവീകരണാശയങ്ങൾ പ്രായോഗികവത്കരിക്കാൻ ജനവികാരത്തെ തിളച്ചുമറിക്കുന്ന തീവ്ര സ്വത്വബോധത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് മുസോളനി നിരീക്ഷിച്ചു. പിന്നീടങ്ങോട്ടാണ് രാഷ്ട്രീയ സങ്കൽപ്പം ജനക്ഷേമാടിത്തറയിൽ നിന്നും തെന്നിമാറി പാരമ്പര്യ ദേശീയവാദത്തിലേക്ക് ചുരുങ്ങിയത്. ഇറ്റലിയുടെ പാരമ്പര്യം, പൂർവിക പ്രതാപം തുടങ്ങി കപട ദേശീയതയെ ജനങ്ങൾക്കിടയിൽ ആളിക്കത്തിച്ചു. ദേശീയത ഒരു വിശ്വാസമായി അക്കാലത്ത് കൊണ്ടാടപ്പെട്ടു. സമൂഹത്തിൽ രൂപപ്പെടുന്ന വിഭാഗീയത, വർഗവൈരുധ്യങ്ങൾ തുടങ്ങി യുക്തിസഹമായ ആഭ്യന്തരാലോചനകൾ മുഴുവൻ ദേശീയ മുദ്രാവാക്യത്തിന് മുന്നിൽ നിഷ്പ്രഭമാക്കാൻ ഫാസിസ്റ്റുകൾക്ക് സാധിച്ചു.

ശീതയുദ്ധത്തിന്റെ വിരാമത്തോടെ മൂന്നാം ലോക രാജ്യങ്ങൾ ജനാധിപത്യത്തിലേക്ക് നടന്നടുത്തു. ലോകത്തിലെ ഏറ്റവും വലിയ മാനവിക സങ്കൽപ്പമായ ജനാധിപത്യം പ്രായോഗിക രാഷ്ട്രീയ സംഹിതയായി മാറിയതും അക്കാലത്തായിരുന്നു. ക്ലാസിക്കൽ ഫാസിസത്തിന് ശേഷം ഉയർന്നുവന്ന ജനാധിപത്യ മൂല്യങ്ങൾക്കും പാരമ്പര്യവാദങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് കൃതി നിരീക്ഷിക്കുന്നു. ക്ലാസിക്കൽ ഫാസിസത്തിന്റെ അടിത്തറയിൽ നിന്നും മുളപൊട്ടിയ ഇന്ത്യൻ ഫാസിസം ജനാധിപത്യത്തെ വേട്ടയാടുന്ന രീതിയെയും കൃതി തുറന്നുകാണിക്കുന്നു.

ക്ലാസിക്കൽ ഫാസിസ്റ്റ് മൃഗീയതക്ക് ഇരകളായിരുന്ന ജൂത സമൂഹം പിന്നീട് സയണിസത്തിലൂടെ വേട്ടക്കാരനായി പരിണമിക്കുന്ന ചരിത്ര വസ്തുതയെ കൃതി വിചാരണ ചെയ്യുന്നുണ്ട്. ബാൽഫർ പ്രഖ്യാപനത്തിലൂടെ സാമ്രാജ്യത്വ താത്പര്യങ്ങൾക്ക് വേണ്ടി ഒരു ജനതയെ മുഴുവൻ ബലികൊടുക്കുകയായിരുന്നു. സമാധാന ഉടമ്പടികളെ മുഴുവൻ നോക്കുകുത്തിയാക്കി ഇസ്്റാഈൽ നടത്തുന്ന വംശീയ ഉന്മൂലനം ആശങ്കയുളവാക്കുന്നതാണ്. ഇരയുടെ മതവും വംശവും അടിസ്ഥാനമാക്കിയുള്ള സമാധാന വാദത്തെയും ചോദ്യമുനയിൽ നിർത്താൻ കൃതി ശ്രമിക്കുന്നു.
മാനവികാശയങ്ങളുടെ ആവിഷ്‌കാരമെന്നോണം വ്യത്യസ്ത കാലഘട്ടങ്ങളിലായി ഉയർന്നുവന്ന ജനാധിപത്യം, സോഷ്യലിസം, ഗാന്ധിസം തുടങ്ങി മാനുഷികാലോചനകളുടെ ചരിത്രത്തെയും വികാസത്തെയും കൃതി നിരീക്ഷിക്കുന്നു. കാലത്തിന്റെ അരിവാര്യതയെന്നോണം പാർശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യരുടെ വിമോചന സങ്കൽപ്പമായിട്ടാണ് ഇത്തരം ധൈഷണികാശയങ്ങൾ ഉടലെടുക്കുന്നത്. സംവാദാത്മകമായി വികാസം പ്രാപിക്കുമ്പോഴും തീവ്രസ്വത്വവാദത്തിന്റെ വെല്ലുവിളികൾ ഇന്നും പരിഹരിക്കാനാകാതെ പിന്തുടരുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം പിറവിയെടുത്ത ദേശീയത സങ്കൽപ്പങ്ങൾ മാനവിക സാമൂഹിക ബോധത്തിന് വിലങ്ങിട്ടപ്പോൾ മനുഷ്യൻ എന്ന കേന്ദ്ര ബിന്ദുവിലേക്ക് പൊതുബോധത്തെ ഏകീകരിക്കലായിരുന്നു ഇത്തരം ആശയങ്ങളുടെ ലക്ഷ്യം.

ALSO READ  കരുത്ത് പരിശ്രമം വിജയം

സംസ്‌കാര സങ്കൽപ്പങ്ങളിലെ അപക്വതയെയും വിമർശനാത്മകമായിട്ടാണ് കൃതി വിലയിരുത്തുന്നത്.
സ്വന്തം സംസ്‌കാരത്തെ കാത്തുസൂക്ഷിച്ചതിന്റെ പേരിൽ ആദിവാസി സമൂഹങ്ങളെ സാംസ്‌കാരിക ശൂന്യരായി പുറമ്പോക്കിലേക്ക് തള്ളുന്ന പരിഷ്‌കൃത പൊതുബോധത്തെ പ്രതിക്കൂട്ടിലാക്കാനും രചയിതാവ് ശ്രമിക്കുന്നു. നമ്മുടെ സാംസ്‌കാരിക അളവുകോലിലെ മനുഷ്വത്വ വിരുദ്ധതയെ കൃതി തുറന്നുകാണിക്കുന്നുണ്ട്. ആശയസംഹിതകളിലെ വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും സംവാദാത്മകമായിട്ടാണ് കൃതി സമീപിക്കുന്നത്. ഫെമിനിസം, സ്വത്വ രാഷ്ട്രീയം, ആഗോളവത്കരണം തുടങ്ങിയവകളെ കുറിച്ചുള്ള നവീനമായ ആലോചനകൾ വായനക്കാരെ ക്രിയാത്മകമായ പുതിയ തലങ്ങളിലാണ് കൊണ്ടെത്തിക്കുന്നത്. പ്രസാധകർ കല ബുക്സ്. വില 100 രൂപ.