Connect with us

Cover Story

ഓരോ തരുവിനും നീർ പകർന്ന് ഒരു പുലർകാലം

Published

|

Last Updated

എ പി അബ്ദുല്‍ കരീം ഹാജി

സത്യവിശ്വാസി കൃഷി ചെയ്ത്, അതില്‍ നിന്ന് മനുഷ്യനോ ജന്തുക്കളോ പറവകളോ ഭക്ഷിച്ചാല്‍ അത് അവന് അന്ത്യനാളില്‍ ദാനധര്‍മമായി (സ്വദഖ) ത്തീരുന്നതാണെന്ന തിരുനബി വചനം ഇവിടെ ഹരിതാഭ ചാര്‍ത്തുന്നു.
ഒരു വിശ്വാസി കൃഷി ചെയ്താല്‍ അതില്‍ നിന്ന് അവന്‍ ഭക്ഷിക്കുന്നത് അവന് സ്വദഖയാണ്. മോഷണം പോകുന്നതും വല്ല വിധേനയും കുറവ് വരുന്നതും സ്വദഖ തന്നെ… വചനങ്ങളുടെ ആന്തരാര്‍ഥങ്ങള്‍ ഇവിടെ പുഷ്പിച്ചും കായ്ച്ചും നിൽക്കുന്നു.

അതിഥികള്‍ക്കു നല്‍കാന്‍ നാടന്‍ തെങ്ങില്‍ നിന്ന് അപ്പോള്‍ വീഴ്ത്തിയിട്ട കരിക്ക് മുഖം ചെത്തി നല്‍കുന്നു. ആ തേന്‍മധുരം നുകര്‍ന്ന് മാന്തോപ്പില്‍ നില്‍ക്കുമ്പോള്‍ ആ കൃഷിയിടത്തിന്റെ അതിരുകളില്‍ ഇഷ്ടിക പാകിയൊരുക്കിയ നടപ്പാതയിലൂടെ പ്രഭാത സവാരി പൂര്‍ത്തിയാക്കി വിയര്‍പ്പു കിനിയുന്ന മുഖവുമായി എ പി അബ്ദുല്‍ കരീം ഹാജി നടന്നു വരികയായി. എന്‍ജിനീയറിംഗ് കണ്‍സ്ട്രക്്ഷന്‍ രംഗത്ത് അന്താരാഷ്ട്ര പ്രശസ്തമായ ഹാജി എ പി ബാവ ആൻഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ എന്ന തിരക്കുപിടിച്ച മനുഷ്യനെ അല്ല ഇപ്പോള്‍ കാണുക. ഓരോ തളിരിനും പൂ വരുന്നതും കായ് വരുന്നതും നിരീക്ഷിക്കുന്ന തനി നാടന്‍ കര്‍ഷകന്‍. തിരക്കുപിടിച്ച ജീവിതത്തിനിടെ പുലര്‍കാലത്ത് ആരംഭിക്കുന്ന വ്യായാമവും കൃഷി പരിചരണവും ഒരു ദിവസം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഊര്‍ജമാണ് സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

കൊവിഡ് മഹാമാരി മനുഷ്യര്‍ക്ക് ഏറെ തിരിച്ചറിവുകള്‍ പകര്‍ന്ന കാലമാണിത്. ഭക്ഷണമാണ് ഔഷധമെന്ന പാഠമാണ് അതില്‍ ഏറെ പ്രധാനം. ഊര്‍ജം പകരുകയും ശാരീരിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം രോഗപ്രതിരോധമേകുന്ന ഘടകങ്ങള്‍ ലഭിക്കേണ്ടതും ഭക്ഷ്യവിഭവങ്ങളില്‍ നിന്നു തന്നെ. അതിനാല്‍ കൃഷിയെക്കുറിച്ചുള്ള പുതിയ അവബോധം സൃഷ്ടിക്കാന്‍ ഈ മഹാമാരിക്കാലത്തിന് കഴിഞ്ഞു- കൃഷിയെ ഹൃദയത്തില്‍ സ്വീകരിച്ച ഒരാളുടെ വാക്കുകളായിരുന്നു അത്.

പാകം ചെയ്യുന്നിടത്തേക്ക് എത്തുന്നതിന് മുമ്പ് ഒാരോ വിത്തും ചെടിയും കടന്നുപോകുന്ന അനേകം പ്രക്രിയകള്‍, പ്രകൃതി നിര്‍വഹിക്കുന്ന വിവിധ ഘട്ടങ്ങള്‍. പ്രപഞ്ചനാഥന്‍ അതിനുവേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ട്. അത് പിന്തുടരുമ്പോള്‍ ലഭിക്കുന്ന ആത്മശാന്തിയും ആഹ്ലാദവും അനിര്‍വചനീയമാണ്. മണ്ണിലും സസ്യത്തിലും നിരന്തരം നടക്കുന്ന ജൈവ പ്രക്രിയകളും അതിന്റെ അന്ത്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ഫലവും നേരിട്ടനുഭവിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയേക്കാള്‍ മറ്റൊന്നില്ലെന്ന് അദ്ദേഹം പറയുന്നു.
ചാലിയാറിന്റെ തീരത്തെ വസതിയില്‍ നിന്ന് അല്‍പ്പം മാറി ചാലിയത്തെ രണ്ട് ഏക്കറോളം വരുന്ന കൃഷിയിടം കരീം ഹാജി ജൈവ കൃഷിക്കായി തിരഞ്ഞെടുത്തത് 2012 ലാണ്. ജനവാസ കേന്ദ്രത്തിനു നടുവിലായി മതില്‍കെട്ടി സംരക്ഷിക്കുന്ന ഒരു സമ്പൂര്‍ണ കൃഷിയിടം. തെങ്ങും വാഴയും ഫലവൃക്ഷങ്ങളും കായ്ഫലത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഒരു ഭാഗത്ത് പച്ചക്കറികള്‍ ഓരോന്നും പല പ്രായത്തില്‍ വളര്‍ന്നു നില്‍ക്കുന്നു. തൊഴുത്തില്‍ നല്ല നാടന്‍ കറവപ്പശുക്കള്‍. അതിനപ്പുറം കൂട്ടില്‍ ആടുകള്‍. ഇതാണ് കരീം ഹാജിയുടെ ഫാം. തന്റെയും സഹോദരന്റെയും കുടുംബങ്ങള്‍ക്കുള്ള പച്ചക്കറിയും പാലും ഇവിടെ നിന്നു ലഭിക്കുന്നു. അസമില്‍ നിന്നുള്ള ഒരു കുടുംബത്തെ കൃഷിയിടത്തിന്റെ പരിചരണത്തിനായി പാര്‍പ്പിച്ചിട്ടുണ്ട്.


ഇവിടെ നിന്നു കറന്നെടുക്കുന്ന 20 ലിറ്റര്‍ പാല്‍ സമൃദ്ധമായ ആവശ്യത്തിനു മതി. വൈകുന്നേരം ഭാര്യ സക്കീനയും ഇളയ മകള്‍ വഫിയ നസ്്നിനും കുടുംബത്തിലെ മറ്റു സ്ത്രീകളോടൊപ്പം ഫാമിലെത്തും. സായാഹ്ന സവാരിക്കൊപ്പം സ്ത്രീകളും കുട്ടികളും കൃഷി പരിചരണത്തിലും മുഴുകും. വിവാഹിതരായ മക്കള്‍ ഹാജറമോളും അയിഷാ ഹിഷാനയും പേരക്കുട്ടികളുമെല്ലാം വരുമ്പോള്‍ ഒരു പാര്‍ക്കില്‍ പോകുന്ന ആഹ്ലാദത്തോടെയാണ് ഇവിടെ എത്തുന്നത്. അങ്ങനെ കുടുംബത്തിലെ പുതിയ തലമുറയെല്ലാം കൃഷിയോട് ആഭിമുഖ്യമുള്ളവരായിത്തീര്‍ന്നതിന്റെ സംതൃപ്തിയും കരീം ഹാജി പങ്കുവെക്കുന്നു. ഓരോ ദിവസത്തേക്കും വേണ്ട പച്ചക്കറികള്‍ അന്നന്നു പറിച്ചെടുക്കുന്നതിനാല്‍ ഫ്രിഡ്ജില്‍ വെച്ചുള്ള ഉപയോഗമില്ല. 113 തെങ്ങില്‍ നിന്നു മൂവായിരം തേങ്ങയാണ് ഇവിടെ നിന്നു ലഭിക്കുന്നത്. ഇവിടുത്തെ നാല്‍ക്കാലികളുടെ ചാണകം മാത്രമാണ് എല്ലാറ്റിനും വളം. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ നല്ല വിത്തുകളും വളപ്രയോഗത്തെ കുറിച്ചുള്ള അറിവുകളും നല്‍കാറുണ്ട്.തന്റെ ബിസിനസ് യാത്രകള്‍ കൃഷിഭൂമിയിലൂടെ ആകുമ്പോള്‍ ഏറ്റവും സംതൃപ്തി ലഭിക്കുന്നു. ഓരോ നാട്ടിലേയും കൃഷിരീതികള്‍ നിരീക്ഷിക്കാറുണ്ട്.

 

“ജീവനില്ലാത്ത ഭൂമിയെ നാം സജീവമാക്കി. അതില്‍ നിന്ന് അവര്‍ ഭക്ഷിക്കുന്ന ധാന്യത്തെ നാം വിളയിച്ചു എന്നത് ഒരു ദൃഷ്ടാന്തമാണ്. അതില്‍ നാം ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങളുമുണ്ടാക്കി. അതിലെത്രയോ ഉറവകളൊഴുക്കുകയും ചെയ്തു” എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ ചൈതന്യം അവിടെ പരിലസിക്കുന്നു.
ശുദ്ധവായു ശ്വസിച്ചുള്ള വ്യായാമവും കളങ്കമില്ലാത്ത ഭക്ഷണവും ആരോഗ്യം പകരുന്നു എന്ന വിശ്വാസമാണ് ഈ കൃഷിയിടം നല്‍കുന്നത്. ജീവിത ശൈലീരോഗങ്ങളായ പ്രമേഹവും രക്തസമ്മർദവും കൊഴുപ്പും ഈ 55 ാം വയസ്സിലും കടന്നെത്തിയിട്ടില്ലെന്നതില്‍ ആശ്വാസം കൊള്ളുകയാണ് അദ്ദേഹം. ബിസിനസ് ചര്‍ച്ചകള്‍ക്കായി വരുന്ന ചങ്ങാതിമാരും നാട്ടിലെ സുഹൃത്തുക്കളുമെല്ലാം ഈ കൃഷിയിടം സന്ദർശിക്കാറുണ്ട്.

അറുപത് വര്‍ഷങ്ങള്‍ക്കപ്പുറം പിതാവ് എ പി ബാവ ഹാജി സ്വന്തം നിലയില്‍ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം ഏറ്റവും മികച്ച നിലയില്‍ മുന്നോട്ടു നയിക്കുന്ന കരീംഹാജിയുടെ ബിസിനസ് തിരക്കുകള്‍ സമൂഹിക ഇടപെടലുകളെ തെല്ലും ബാധിക്കാറില്ല. ആറ് മണിക്കൂര്‍ മാത്രമാണ് ഉറക്കം. പിന്നീട് ഓരോ പ്രവര്‍ത്തനത്തിനും സമയം ചിട്ടപ്പെടുത്തിവെച്ചിട്ടുണ്ട്. ചാലിയം മഹല്ല് പ്രസിഡന്റ് എന്ന നിലയിലുള്ള ഇടപെടലുകള്‍ക്ക് ഏറെ സമയം മാറ്റിവെക്കുന്നതാണ് മറ്റൊരു വലിയ സന്തോഷം. പത്ത് വര്‍ഷമായി ആ കര്‍മത്തില്‍ അദ്ദേഹം മുഴുകുന്നു. പിതാവിന്റെ പേരിലുള്ള ട്രസ്റ്റ് വഴി നടക്കുന്ന ആതുര സേവനവും പ്രധാനം തന്നെ.

കൊറോണാനന്തര കാലത്തെ ബിസിനസ് രംഗത്തെക്കുറിച്ചും അദ്ദേഹത്തിന് വിശാലമായ ഉള്‍ക്കാഴ്ചയുണ്ട്. ബേപ്പൂര്‍ തുറമുഖത്തിന്റെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ വിപുലമായ വെയര്‍ഹൗസുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലോജിസ്റ്റിക് ഹബ്ബ് അദ്ദേഹം ലക്ഷ്യമിടുന്നു. ഇപ്പോള്‍ ബംഗളൂരു ആസ്ഥാനമായ കണ്‍സ്ട്രക്്ഷന്‍ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസ് ഹൈദരാബാദിലും റീജ്യണല്‍ ഓഫീസുകള്‍ രാജസ്ഥാനില്‍ ഉദയ്പൂരിലും ഒഡീഷയില്‍ ഭുവനേശ്വരിലും ഗുജറാത്തില്‍ അഹമ്മദാബാദിലുമാണ്. ദുബൈയിലാണ്് ഓവര്‍സീസ് ഓഫീസ്. മെക്കാനിക്കുകളും എന്‍ജിനീയര്‍മാരും തൊഴിലാളികളും അടക്കം ആയിരങ്ങൾക്ക് തൊഴില്‍ നല്‍കുന്ന അദ്ദേഹം കേരളത്തില്‍ ഓട്ടോമൊബൈല്‍ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എല്ലാ ബിസിനസ് മീറ്റുകളിലും കൃഷിയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു ചെയര്‍മാനായി മാറുന്നതിലെ ആത്മാഭിമാനമാണ് മറ്റെന്തിനേക്കാളും അദ്ദേഹത്തെ ആഹ്ലാദഭരിതനാക്കുന്നത്.
താന്‍ പിറന്നുവീണ ചാലിയം മത്സ്യബന്ധനത്തിന്റെ നാടാണ്. എന്നാല്‍ സമാന്തരമായി വലിയ കാര്‍ഷിക പാരമ്പര്യമുള്ള നാടായിരുന്നു ഇത്. കൊയ്ത്തും കാളപൂട്ടും കണ്ടുവളര്‍ന്നതാണ് തന്റെ ബാല്യം. പിന്നീടുള്ള തലമുറ കൃഷിയെ കൈവിട്ടു. കൃഷിയെ ലാഭനഷ്ടങ്ങളുടെ അളവുകോലുകള്‍ക്കപ്പുറം കാണാനുള്ള ഒരു ബോധം പതിയെ മടങ്ങിവന്നിട്ടുണ്ട്. സത്യവിശ്വാസിക്ക് വലിയ പുണ്യം നല്‍കുന്ന ഉപാധിയാണ് കൃഷി. തനിക്ക് സ്വന്തമായി ഉപയോഗിക്കാന്‍ ഫലമോ ധാന്യമോ ലഭിക്കുമോ എന്ന വിചാരം പോലുമില്ലാതെ തന്നെ കൃഷി നടത്താന്‍ അതു വിശ്വാസിയെ പ്രേരിപ്പിക്കുന്നു.

വിശുദ്ധ ഖുര്‍ആനില്‍ ധാന്യക്കതിരും ഫലവൃക്ഷങ്ങളും നല്ലതിനെ ഉപമിക്കാനുപയോഗിക്കുന്നു. സത്യവിശ്വാസിയെ ഈത്തപ്പനയോടുപമിച്ചുകൊണ്ടുള്ള ഉപദേശം അവിടെ കാണാം. കൃഷി സാമൂഹിക ബാധ്യതകളില്‍ പെട്ടതാണെന്ന പുണ്യ വചനം അദ്ദേഹത്തെ പ്രചോദിതനാക്കുന്നു.
“ലോകാവസാനം സംഭവിക്കുമ്പോള്‍ നിങ്ങളുടെ കൈയില്‍ ഒരു ചെറിയ ഈന്തപ്പന തൈയുണ്ടെങ്കില്‍ -അത് നട്ടുപിടിപ്പിക്കാന്‍ അവന് കഴിയുമെങ്കില്‍- അവനത് ചെയ്യട്ടെ.” എന്ന നബിവചനത്തിന്റെ അന്തസ്സത്ത ഉള്ളില്‍ നിറച്ച് അദ്ദേഹം ഓരോ തരുവിനും നീര്‍ പകര്‍ന്നു നല്‍കുന്നു.

.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest