Connect with us

Articles

റോബര്‍ട്ട് ഫിസ്‌ക്: ഭയരഹിതന്‍, യുദ്ധവിരുദ്ധന്‍

Published

|

Last Updated

കലുഷമായ ആധുനിക ലോകക്രമത്തെ അടുത്തറിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലക്കാണ് ഇന്നലെ അന്തരിച്ച റോബര്‍ട്ട് ഫിസ്‌ക് അറിയപ്പെടുക. 40 വര്‍ഷത്തിലധികം അറബ് ലോകത്ത് പ്രവര്‍ത്തിച്ച ഫിസ്‌ക് താരതമ്യേന മുന്‍ധാരണകള്‍ വെച്ചുപുലര്‍ത്താത്ത പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. സിറിയയിലെയും ലെബനാനിലെയും യുദ്ധങ്ങള്‍, ഇസ്‌റാഈലി അധിനിവേശങ്ങള്‍, ഇറാന്‍- ഇറാഖ് യുദ്ധം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം, കൊസോവോ യുദ്ധം, ഇറാഖിലെ അമേരിക്കന്‍ അധിനിവേശം തുടങ്ങി രണ്ടാം ലോകമഹായുദ്ധാനന്തരം ലോകം കടന്നുപോയ വലിയ രാഷ്ട്രീയ പ്രതിസന്ധികളെ കൃത്യമായി നിരീക്ഷിച്ച റോബര്‍ട്ട് ഫിസ്‌കിനെ തേടിയെത്തിയ പുരസ്‌കാരങ്ങള്‍ അനവധിയാണ്.
ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലക്ക് മാത്രമല്ല, ഒരു വിദേശ കറസ്പോണ്ടന്റ് എന്ന നിലക്ക് ലോകത്ത് മറ്റൊരു മാധ്യമ പ്രവര്‍ത്തകനും ഇല്ലാത്ത പരിചയ സമ്പത്തും തനതായ നിരീക്ഷണ പാടവവും ഉണ്ടായിരുന്നു റോബര്‍ട്ട് ഫിസ്‌കിന്. ശ്രമകരമെങ്കിലും, വസ്തുനിഷ്ഠാപരമായ റിപ്പോര്‍ട്ടിംഗ് സാധ്യമാക്കുക എന്ന മാധ്യമ ധര്‍മത്തിന്റേതായ നൈതികതയോട് നീതിപുലര്‍ത്തിയ അനുപമ വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം.

ഉസാമ ബിന്‍ലാദനുമായി മൂന്ന് തവണ അഭിമുഖം നടത്തിയ ഫിസ്‌ക് താലിബാനെ കുറിച്ചും ബിന്‍ലാദനെ കുറിച്ചും ലോകത്തിനു മുന്നിലുണ്ടായിരുന്ന വാര്‍പ്പുമാതൃകകളെയും ഒരു പരിധിവരെ പൊളിച്ചു. ബിന്‍ലാദന്‍ നാണക്കാരനായ ഒരു പോരാളിയാണെന്നായിരുന്നു ഫിസ്‌ക് റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധക്കെടുതികള്‍ അടുത്തറിഞ്ഞ ആളായതിനാലാകണം റോബര്‍ട്ട് ഫിസ്‌കിന്റെ യുദ്ധവിരുദ്ധ നിലപാടുകള്‍ കൂടുതല്‍ പ്രസക്തവും ശ്രദ്ധേയവുമായി. രക്തരൂഷിതവും സംഹാര രുദ്രവുമായ ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷവും രൂഢമായ യുദ്ധക്കൊതി നിലനില്‍ക്കുന്നുണ്ടെന്നും ഓരോ രാജ്യങ്ങളുടെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രമങ്ങള്‍ പ്രതിസന്ധികള്‍ രൂക്ഷമാക്കാനാണെന്നും ഫിസ്‌ക് വിമര്‍ശിച്ചു.

അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും അധിനിവേശ നയങ്ങളെ വിമര്‍ശിച്ചെഴുതിയ ഫിസ്‌കിനെ പലപ്പോഴായി വിവാദങ്ങള്‍ പിന്തുടര്‍ന്നു. അഫ്ഗാനിസ്ഥാനിലെ റിപ്പോര്‍ട്ടിംഗുകളും വിമര്‍ശിക്കപ്പെട്ടു. സിറിയന്‍ ആഭ്യന്തര പ്രശ്‌നത്തില്‍ പ്രസിഡന്റ് ബശർ അൽ അസദിനെ പിന്തുണക്കുന്ന മാധ്യമ വ്യവഹാരങ്ങളാണ് എന്ന വിമര്‍ശനമായിരുന്നു ഒടുവില്‍. എന്നാല്‍, ലോക ശക്തികള്‍ക്ക് ദഹിക്കാത്ത സത്യങ്ങളെ വെളിച്ചത്ത് കൊണ്ടുവന്നു എന്നതില്‍ കവിഞ്ഞ് ഈ വിവാദങ്ങളെ ഒരു പക്ഷേ വിലയിരുത്തേണ്ടിവരില്ല.

ഭരണകൂടങ്ങളുടെ ഏകസ്വരമായ വൃത്താന്തങ്ങളെ കിറുകൃത്യമായി പ്രതിരോധിക്കാന്‍ കഴിഞ്ഞ ഫിസ്‌കിന്റെ ശൈലിയും ധൈര്യവും പുതിയകാല മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാഠപുസ്തകമാണ്. റോബര്‍ട്ട് ഫിസ്‌കിന്റെ ഒഴിവ് നികത്തപ്പെടാതെ കിടക്കുമെന്ന് പറഞ്ഞാല്‍ അത് തീരെ ആലങ്കാരികമാകില്ല എന്നതിന് ഫിസ്‌കിന്റെ റിപ്പോര്‍ട്ടുകളും നിലപാടുകളും തന്നെ തെളിവ്.

Latest