അടഞ്ഞ അമേരിക്ക × തുറന്ന അമേരിക്ക

സമ്പൂര്‍ണ യു എസ് തിരഞ്ഞെടുപ്പ് ഇന്ന്‌
Posted on: November 3, 2020 4:00 am | Last updated: November 3, 2020 at 2:51 am


അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ മാധ്യമ ലോകത്ത് വിശകലനങ്ങള്‍ നിറഞ്ഞ് കവിയുകയാണ്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് തുടരുമോ? മുന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ജോ ബൈഡന്‍ ട്രംപിനെ മുട്ടുകുത്തിക്കുമോ? യു എസ് തിരഞ്ഞെടുപ്പിന് കിട്ടുന്ന മാധ്യമ പരിലാളന ഇത്തവണത്തെ പുതുമയൊന്നുമല്ല. ലോകം അമേരിക്കക്ക് ചുറ്റും കറങ്ങുന്ന കാലത്തോളം അത് തുടരും. ഏറ്റവും കൂടുതല്‍ അധികാരം കേന്ദ്രീകരിക്കപ്പെട്ട വ്യക്തിയെ തിരഞ്ഞെടുക്കുന്നത് കൊണ്ട് മാത്രമല്ല അത്. ആ വ്യക്തിയുടെ തീരുമാനങ്ങള്‍ ലോകത്തെ ഏത് മനുഷ്യന്റെയും ജീവിതത്തെ തകിടം മറിക്കാന്‍ പര്യാപ്തമാണ്. എത്രയെത്ര യുദ്ധങ്ങള്‍, ക്രൂരമായ ഇടപെടലുകള്‍, ശത്രുതാ നിര്‍മിതികള്‍, കരാറുകള്‍, ആയുധ വ്യാപാരങ്ങള്‍, ഉപരോധങ്ങള്‍. യു എസ് പ്രസിഡന്റിന്റെ വീറ്റോ അധികാരം സൃഷ്ടിച്ച കെടുതികള്‍ക്ക് വല്ല കണക്കുമുണ്ടോ? അമേരിക്കയിലെ ദ്വികക്ഷി സമ്പ്രദായത്തിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും തമ്മില്‍ നയപരമായി വലിയ അന്തരമൊന്നുമില്ലെന്നും അമേരിക്കന്‍ മേധാവിത്ത ബോധം വിട്ട് അധികദൂരം പറക്കാന്‍ ഒരു പ്രസിഡന്റിനും സാധിക്കില്ലെന്നും തിരിച്ചറിഞ്ഞവര്‍ക്കാര്‍ക്കും അവിടെ ആര് ജയിക്കുമെന്നത് ആകാംക്ഷയല്ല. എന്നാല്‍ ഇത്തവണ ലോകത്താകെയുള്ള മനുഷ്യ സ്‌നേഹികള്‍ അമേരിക്കയിലേക്ക് ഉറ്റു നോക്കുന്നുണ്ട്. കാരണം ജോ ബൈഡന്റെ എതിരാളി ട്രംപ് ആണ് എന്നത് തന്നെ. അവ്യവസ്ഥയുടെ ആള്‍രൂപമായ ട്രംപ് ഇക്കാലം വരെ കഴിഞ്ഞുപോയ ഒരു യു എസ് പ്രസിഡന്റിനോടും സാമ്യമില്ലാത്തയാളാണ്. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനേയല്ല. ബിസിനസാണ് മുഖ്യം. തീവ്ര വലതുപക്ഷത്തിന്റെ ആഗോള സാരഥിയാണ് ട്രംപ്. വംശീയത, കുടിയേറ്റവിരുദ്ധത, മുസ്‌ലിം വിരുദ്ധത, ഇടുങ്ങിയ ദേശീയത, യുദ്ധോത്സുകത, സയണിസ്റ്റ് പക്ഷപാതം, സ്ത്രീവിരുദ്ധത തുടങ്ങിയ എല്ലാ ജനാധിപത്യവിരുദ്ധ ഘടകങ്ങളുടെയും ആകെത്തുകയാണ് അദ്ദേഹം. അതുകൊണ്ട് ബൈഡന്‍ ജയിക്കുകയെന്നതിനേക്കാള്‍ ട്രംപ് തോല്‍ക്കണമെന്ന് ലോകം ആഗ്രഹിക്കുന്നു. മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ച് വൈകാരികത കത്തിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന കുറുക്കു വഴിക്ക് അമേരിക്കയില്‍ നിന്ന് തന്നെ പ്രഹരം കിട്ടണമെന്ന് കൊതിക്കുന്നു.

വോട്ട് കിട്ടിയത് കൊണ്ട് ജയിക്കില്ല

ഇന്ന് വോട്ടെടുപ്പ് എന്നത് സാങ്കേതികമായ പ്രയോഗം മാത്രമാണ്. വോട്ടിംഗ് നേരത്തേ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മുന്‍കൂര്‍ വോട്ടിംഗില്‍ ഇതിനകം പകുതിയിലേറെ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചിരിക്കുന്നു. ബാലറ്റ് വോട്ടുകള്‍ ഇത്തവണ താരതമ്യേന കൂടുതലാണ്. കൊവിഡാണ് ഇതിന് ഒരു കാരണം. അത്ര ലളിതമല്ല അമേരിക്കന്‍ വോട്ടിംഗ് സമ്പ്രദായം. ജനങ്ങള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട് ചെയ്യുന്ന വോട്ടുകള്‍ക്ക് പോപ്പുലര്‍ വോട്ടുകള്‍ എന്ന് പറയും. രാജ്യത്താകെ ഏറ്റവും കൂടുതല്‍ ജനകീയ വോട്ട് കിട്ടിയ ആള്‍ പ്രസിഡന്റായിക്കൊള്ളണമെന്നില്ല. ഇലക്ടറല്‍ കോളജിലെ വോട്ടാണ് പ്രധാനം. ഈ സംവിധാനമാണ് യു എസ് ഇലക്്ഷനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഉദാഹരണത്തിന് 2000ത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അല്‍ഗോറിനായിരുന്നു ജനകീയ വോട്ടുകള്‍ കൂടുതല്‍. പക്ഷേ, ജയിച്ചത് ജോര്‍ജ് ഡബ്ല്യു ബുഷ് ആയിരുന്നു. 2016ല്‍ ഹിലരി ക്ലിന്റണെ “ജനങ്ങള്‍’ തിരഞ്ഞെടുത്തു. പക്ഷേ, പ്രസിഡന്റായത് ഡൊണാള്‍ഡ് ട്രംപാണ്. രണ്ട് സന്ദര്‍ഭങ്ങളിലും സംഭവിച്ചത് ഇലക്ടറല്‍ വോട്ടുകളുടെ കളിയാണ്.

ALSO READ  ടെലിവിഷന്‍ സംവദത്തില്‍ പ്രകോപിതനായി ട്രംപ്; കൊവിഡ് പ്രതിരോധത്തില്‍ പരാജയമെന്ന് ജോ ബൈഡന്‍

50 സംസ്ഥാനങ്ങളിലും രാജ്യ തലസ്ഥാനം സ്ഥിതിചെയ്യുന്ന ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലുമായി മൊത്തം 538 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. 270 എണ്ണം കിട്ടുന്ന ആള്‍ ജയിക്കുന്നു. സംസ്ഥാനങ്ങളില്‍ ഓരോന്നിലെയും ഇലക്ടറല്‍ വോട്ടുകളുടെ എണ്ണം വ്യത്യസ്തമാണ്. ജനസംഖ്യക്ക് അനുസരിച്ചാണ് ഇലക്ടറല്‍ വോട്ടുകള്‍ നിശ്ചയിക്കുന്നത്. ഉദാഹരണത്തിന് കാലിഫോര്‍ണിയയില്‍ 55 ഇലക്ടറല്‍ വോട്ടുകള്‍ ഉണ്ട്. മിന്നസോട്ടയില്‍ ഇത് പത്ത് മാത്രമാണ്. അപ്പോള്‍ കാലിഫോര്‍ണിയയില്‍ ഭൂരിപക്ഷം പോപ്പുലര്‍ വോട്ട് നേടിയയാള്‍ക്ക് അവിടുത്തെ ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കും. ഇങ്ങനെ വലിയ സംസ്ഥാനങ്ങള്‍ പിടിക്കുന്നയാള്‍ക്ക് കൂടുതല്‍ ഇലക്ടറല്‍ വോട്ടുകള്‍ സമാഹരിക്കാനാകും. പ്രാദേശികതയും പോള്‍ മാനേജ്‌മെന്റ് വൈദഗ്ധ്യവുമൊക്കെ പ്രധാനമാണെന്നര്‍ഥം. ഇലക്ടറല്‍ സംവാദങ്ങളാണ് പ്രധാന പ്രചാരണ പരിപാടി. ഈ സംവാദങ്ങളില്‍ സ്ഥാനാര്‍ഥിയുടെ ശരീര ഭാഷ, മുന്നോട്ടു വെക്കുന്ന ആശയങ്ങളിലെ വ്യക്തത, മൊത്തം പെരുമാറ്റം എല്ലാം ഘടകമാകും. ബരാക് ഒബാമയെ തുണച്ചത് മാറ്റം എന്ന മുദ്രാവാക്യവും അദ്ദേഹത്തിന്റെ നല്ല വാക്ചാതുരിയും ആയിരുന്നുവല്ലോ. അമേരിക്കന്‍ ജനത അദ്ദേഹത്തിന്റെ നയങ്ങള്‍ക്കല്ല, അദ്ദേഹത്തിനാണ് വോട്ട് ചെയ്തതെന്ന് ചില വിദഗ്ധര്‍ പറഞ്ഞിരുന്നു. കറുത്ത പ്രസിഡന്റ് രണ്ട് ഊഴം കസേരയിലിരുന്നപ്പോഴാണ് ഏറ്റവും കൂടുതല്‍ ആഫ്രോ- ഏഷ്യക്കാര്‍ ആക്രമിക്കപ്പെട്ടതെന്നോര്‍ക്കണം.

കോടതി കയറുമോ?

ഇത്തവണ ഫലമറിയാന്‍ വല്ലാതെ വൈകുമെന്നാണ് മുഴുവന്‍ വിദഗ്ധരും പ്രവചിക്കുന്നത്. തോറ്റാലും തോല്‍വി സമ്മതിക്കാന്‍ ട്രംപ് സന്നദ്ധമാകില്ലത്രെ. “ബാലറ്റില്‍ മൊത്തം ക്രമക്കേടാണ്. ഞങ്ങള്‍ക്ക് നല്ല അഭിഭാഷകരുണ്ട്’ എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം കോടതിയില്‍ പോയേക്കാം. അങ്ങനെയെങ്കില്‍ അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ സ്ഥിതിവിശേഷമാകും ഉണ്ടാകുക. 2000ത്തില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു. ജോര്‍ജ് ഡബ്ല്യു ബുഷ് ജയിച്ചത് കോടതിയുടെ സഹായത്തോടെയാണ്. അന്ന് അല്‍ഗോറിന്റെ വിജയം അംഗീകരിക്കാന്‍ ബുഷ് തയ്യാറായില്ല. നിരവധി ബാലറ്റുകളില്‍ തര്‍ക്കം ഉന്നയിച്ചു. സാങ്കേതിക ന്യായങ്ങള്‍ നിരത്തി ബുഷ് പക്ഷം വലിയ അവകാശവാദങ്ങള്‍ നടത്തി. വിഷയം കോടതിയിലെത്തി. ഒരു മാസത്തിലേറെ വേണ്ടി വന്നു ഫലം പ്രഖ്യാപിക്കാന്‍. ആ എപ്പിസോഡില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയുണ്ട്. ഫെഡറല്‍ കോടതിയിലെ ന്യായാധിപരെ നിശ്ചയിക്കുന്നത് ഗവര്‍ണര്‍മാരുടെയും പ്രസിഡന്റിന്റെയും വിവേചനാധികാരമാണ്. ജോര്‍ജ് ഡബ്ല്യു ബുഷിന്റെ സഹോദരന്‍ ജെബ് ബുഷായിരുന്നു അന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍. സീനിയര്‍ ബുഷ് നിയമിച്ച ജഡ്ജിമാരാണ് കോടതിയിലിരിക്കുന്നത്. ജൂനിയര്‍ ബുഷിന് കാര്യങ്ങള്‍ എളുപ്പമായെന്ന് പറയേണ്ടതില്ലല്ലോ. തന്റെ നില പരുങ്ങലിലാണെങ്കില്‍ ഇതേ പാറ്റേണിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാനുള്ള ആത്മവിശ്വാസം ട്രംപിനുണ്ട്. അദ്ദേഹം മാറ്റി പ്രതിഷ്ഠിച്ച ന്യായാധിപരിലാണ് പ്രതീക്ഷ.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനോളം തന്നെ നിര്‍ണായകമായ മറ്റൊരു വോട്ടെടുപ്പും അമേരിക്കയില്‍ ഇതോടൊപ്പം നടക്കുന്നുണ്ട്. പ്രസിഡന്റിന്റെ സുഗമമായ ഭരണം ഉറപ്പാക്കുന്നത് യു എസ് കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ള ഭൂരിപക്ഷം കൂടിയാണ്. ജനപ്രതിനിധി സഭയും സെനറ്റുമാണ് കോണ്‍ഗ്രസിലെ രണ്ട് സഭകള്‍. ജനപ്രതിനിധി സഭയിലെ മുഴുവന്‍ (435) സീറ്റുകളിലേക്കും സെനറ്റിലെ 100ല്‍ 33 സീറ്റുകളിലേക്കും അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും ഇന്ന് പൂര്‍ത്തിയാകും. നിലവില്‍ പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്കാണ് മുന്‍തൂക്കം. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും.

ALSO READ  ടെലിവിഷന്‍ സംവദത്തില്‍ പ്രകോപിതനായി ട്രംപ്; കൊവിഡ് പ്രതിരോധത്തില്‍ പരാജയമെന്ന് ജോ ബൈഡന്‍

കൊവിഡ് വിധി നിര്‍ണയിക്കുമോ?

തുറന്ന അമേരിക്കക്ക് വേണ്ടിയാണ് ബൈഡന്‍ വാദിക്കുന്നത്. കുടിയേറ്റം പ്രോത്സാഹിപ്പിക്കണമെന്നും മറ്റ് രാജ്യങ്ങളുമായുള്ള കരാറുകള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ചൈനയുമായുള്ള ബന്ധത്തില്‍ ട്രംപ് കൊണ്ടുവന്നിട്ടുള്ള ശത്രുതകള്‍ മുഴുവന്‍ താന്‍ പ്രസിഡന്റായാല്‍ പരിഹരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. അടഞ്ഞ അമേരിക്കയാണ് ട്രംപിന്റെ നയം. അദ്ദേഹത്തിന്റെ അമേരിക്ക ഫസ്റ്റ് മുദ്രാവാക്യം ശുദ്ധ മണ്ണിന്‍ മക്കള്‍ വാദമാണ്. എന്നാല്‍, ഈ നയവ്യത്യാസങ്ങളൊന്നുമല്ല പ്രചാരണത്തില്‍ മുന്നിട്ടു നിന്നത്. കൊവിഡ് മഹാമാരിയോടുള്ള ട്രംപിന്റെ സമീപനമായിരുന്നു ചര്‍ച്ച. മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ട്രംപ് പറഞ്ഞു. റാലിയില്‍ മാസ്‌ക് ജനങ്ങള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞു.
തനിക്കും ഭാര്യക്കും കൊവിഡ് ബാധിച്ചിട്ടും വൈറ്റ്ഹൗസ് തന്നെ ഹോട്ട്‌സ്‌പോട്ടായിട്ടും അദ്ദേഹം കുലുങ്ങിയില്ല. മനുഷ്യര്‍ മരിച്ചു വീഴുമ്പോഴും വിഡ്ഢിച്ചിരി പാസ്സാക്കി കൊവിഡിനെ നിസ്സാരവത്കരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ സര്‍വേകളിലെല്ലാം ബൈഡനെ മുന്നിലെത്തിക്കുന്നത് കൊവിഡിനോടുള്ള ട്രംപിന്റെ ഈ നിസ്സംഗത തന്നെയാണ്. ഏറ്റവും പുതിയ സര്‍വേയില്‍ ട്രംപ്- ബൈഡന്‍ നില 42-51 ആണ്. 2008ന് ശേഷം ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന ഉയര്‍ന്ന ജനപ്രീതിയിലാണ് ബൈഡന്‍. അത് തന്നെയാകുമോ അന്തിമ ഫലം?