Connect with us

Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

ആലപ്പുഴ | പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി തോമസ് ഡാനിയല്‍ ഉള്‍പ്പടെയുള്ള ആദ്യ നാല് പ്രതികളുടെ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ കോടതി തളളി. പ്രതികള്‍ പുറത്ത് ഇറങ്ങിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം, പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് 200 കേസുകളില്‍ കൂടി പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും. പോപ്പുലര്‍ തട്ടിപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ആയിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എല്ലാ കേസുകളിലും പ്രതികള്‍ക്ക് പ്രത്യേക ജാമ്യം നേടേണ്ടിവരും.

ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ 60 ദിവസം കഴിഞ്ഞിയിട്ടും കുറ്റപത്രം നല്‍കാതിരുന്നതിനാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതനുസരിച്ചാണ്ഈ പ്രതികള്‍ ജാമ്യഹര്‍ജിയുമായി നീങ്ങിയത്. 2000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങളടക്കുമുള്ള സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കാലതാമസമുണ്ടാകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ലഭ്യമാകാനുള്ള തെളിവുകള്‍ വേഗത്തില്‍ കണ്ടെത്തി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു.

Latest