വയനാട് മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കണം; സരിതയുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Posted on: November 2, 2020 8:11 am | Last updated: November 2, 2020 at 8:11 am

ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധി വയനാട് എം പിയായി തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തന്റെ നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്തു കൊണ്ടുള്ളതാണ് സരിതയുടെ ഹരജി. വയനാട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സരിതയുടെ ഹരജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സരിത നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. സോളാര്‍ കേസില്‍ സരിതയെ കോടതി ശിക്ഷിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. അതേസമയം, രാഹുലിനെതിരെ മത്സരിക്കാന്‍ അമേത്തി മണ്ഡലത്തില്‍ നല്‍കിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തിരുന്നു.