ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Posted on: November 2, 2020 7:27 am | Last updated: November 2, 2020 at 9:38 am

ബെംഗളൂരു | ബെംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കും. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണിത്. അതിനിടെ, ബിനീഷിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കസ്റ്റഡിയില്‍ വച്ചിരിക്കുന്നത് നിയമപരമല്ലെന്നും അഭിഭാഷകര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഹൈക്കോടതിയെ സമീപിക്കും.
തുടര്‍ച്ചയായ ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.

നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഇ ഡിയുടെ നടപടികള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയിലും ബിനീഷ് ഹരജി നല്‍കുമെന്നാണ് അറിയുന്നത്. ബിനീഷിനെ അറസ്റ്റ് ചെയ്യാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) നീക്കം തുടങ്ങിയിട്ടുണ്ട്. ബിനീഷിനെതിരെ എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ എന്‍ സി ബി സോണല്‍ ഡയറക്ടര്‍ ഇ ഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചിരുന്നു.