ഹൈക്കോടതി വിധിയുടെ മറവില്‍ കൊലവിളി പ്രസംഗവുമായി യോഗി ആദിത്യനാഥ്

Posted on: October 31, 2020 10:07 pm | Last updated: November 1, 2020 at 8:42 am

ലക്‌നോ | അലഹബാദ് ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധി മറയാക്കി കൊലവിളി ഭീഷണിയുയര്‍ത്തി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റത്തെ സംബന്ധിച്ച വിധി മറയാക്കിയാണ് അപരവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്. തങ്ങളുടെ സഹോദരിമാരുടെ മാനം കൊണ്ട് കളിക്കുന്നവരെ രാമ നാമ സത്യ ചൊല്ലി പറഞ്ഞയക്കുമെന്നാണ് യോഗിയുടെ ഭീഷണി.

ഹിന്ദു ആചാര പ്രകാരമുള്ള ശവസംസ്‌കാര ചടങ്ങിനിടെ ചൊല്ലുന്ന മന്ത്രമാണ് രാമ നാമ സത്യ. സംഘ്പരിവാര്‍ നിരന്തരം പ്രചരിപ്പിക്കുന്ന ലൗ ജിഹാദിന് ന്യായീകരണം ചമക്കാന്‍ ഹൈക്കോടതി വിധിയെ ഉപയോഗിക്കുന്ന തരത്തിലായിരുന്നു യോഗിയുടെ പ്രസ്താവന.

വിവാഹത്തിന് മതംമാറ്റം അത്യന്താപേക്ഷിതമല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ലൗ ജിഹാദ് ഇല്ലാതാക്കാന്‍ ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തും. നിങ്ങള്‍ നന്നാകുന്നില്ലെങ്കില്‍ രാമ നാമ സത്യ യാത്ര ആരംഭിക്കുമെന്നായിരുന്നു യോഗിയുടെ പ്രതികരണം. നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജൗന്‍പൂരിലെ പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

ALSO READ  യോഗിയുടെ ഗുജറാത്ത് ദളിതുകളെ വിരുന്നൂട്ടുന്ന വിധം