നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടു

Posted on: October 31, 2020 4:38 pm | Last updated: October 31, 2020 at 9:24 pm

തിരുവനന്തപുരം | വയനാട് ചീയമ്പത്ത് നിന്നും നെയ്യാര്‍ സിംഹസഫാരി പാര്‍ക്കിലെത്തിച്ച കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടു. കൂടിന്റെ കമ്പി വളച്ച് കടുവ പുറത്തുകടക്കുകയായിരുന്നു. ട്രീറ്റ്‌മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാര്‍പ്പിച്ചിരുന്നത്. ഇതില്‍ മേല്‍ഭാഗത്തെ കമ്പി വളച്ചാണ് കടുവ രക്ഷപ്പെട്ടത്. വനംവകുപ്പും പോലീസുമെല്ലാം ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി.

കടുവ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ നാട്ടുകാര്‍ കടുത്ത ആശങ്കയിലാണ്. എന്നാല്‍ കടുവ സഫാരി പാര്‍ക്കിനുള്ളില്‍ എവിടെയങ്കിലും ഒളിച്ചിരിക്കാനാണ് സാധ്യതയെന്നും ജനവാസ മേഖലയിലെത്താന്‍ സാധ്യതയില്ലെന്നുമാണ് വനംവകുപ്പ് പറയുന്നത്. ഡ്രോണ്‍ ക്യമാറ അടക്കം ഉപയോഗിച്ചാണ് തിരച്ചില്‍. തിരുവനന്തപുരം മൃഗശാലയില്‍ നിന്നും വെറ്റിനറി ഡോക്ടറടക്കമുള്ള സംഘം നെയ്യാറിലെത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രണ്ടു മാസത്തോളം വയനാട് ചീയമ്പം പ്രദേശത്ത് വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ കഴിഞ്ഞ 25 നാണ് കൂട്ടിലായത്. ചീയമ്പം കോളനി പരിസരത്ത് വളര്‍ത്ത് നായയെ പിടിക്കാന്‍ ശ്രമിച്ച കടുവയെ പ്രദേശവാസികള്‍ പാട്ടകൊട്ടി തുരത്തുകയായിരുന്നു. ആനപന്തിയില്‍ സ്ഥാപിച്ച കൂട്ടില്‍ കയറിയ കടുവയെ പിന്നീട് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നുമാണ് നെയ്യാറിലെത്തിച്ചത്.