അന്താരാഷ്ട്ര മര്യാദകളുടെ ലംഘനം

Posted on: October 31, 2020 5:00 am | Last updated: October 31, 2020 at 1:10 am

അനുചിതവും നയതന്ത്ര മര്യാദകളുടെ ലംഘനവുമായിപ്പോയി ഫ്രാന്‍സും മുസ്‌ലിം രാഷ്ട്രങ്ങളുമായുള്ള പ്രശ്‌നത്തില്‍ മുസ്‌ലിം രാജ്യങ്ങളെ തള്ളിപ്പറഞ്ഞ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. പ്രവാചകര്‍ മുഹമ്മദ് നബിയുടേതെന്ന പേരില്‍ ഒരു കാര്‍ട്ടൂണ്‍ ഫ്രാന്‍സിലെ സാമുവല്‍ പാറ്റി എന്ന അധ്യാപകന്‍ ക്ലാസ് മുറിയില്‍ പ്രദര്‍ശിപ്പിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കം. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസെടുക്കുന്നതിനിടെയായിരുന്നു ചിത്ര പ്രദര്‍ശനം. കാര്‍ട്ടൂണ്‍ കാണിക്കുന്നതില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മാനസിക പ്രയാസമുണ്ടെങ്കില്‍ അവര്‍ക്ക് ക്ലാസില്‍ നിന്ന് മാറിനില്‍ക്കാമെന്നു പറഞ്ഞ ശേഷം വിവാദമായ ഷാര്‍ലി ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. ഇതിനു പിന്നാലെ പ്രസ്തുത അധ്യാപകന്‍ കൊല്ലപ്പെടുകയും പ്രതിയെന്നാരോപിച്ച് 18കാരനായ ഒരു മുസ്‌ലിം യുവാവിനെ പോലീസ് വെടിവെച്ച് കൊല്ലുകയും ചെയ്തു.

ഈ വിഷയത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ നിലപാട് സ്വീകരിക്കുന്നതിനു പകരം അധ്യാപകന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുമെന്നും കാര്‍ട്ടൂണിനെ തള്ളിപ്പറയില്ലെന്നുമാണ് സംഭവത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം ഇസ്‌ലാം ഭീതി വളര്‍ത്താനുള്ള ആയുധമാക്കുകയും ചെയ്തു മാക്രോണ്‍. മാത്രമല്ല, കൊല്ലപ്പെട്ട സാമുവല്‍ പാറ്റിക്ക് രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലെജിയണ്‍ ഡി ഹോണര്‍ നല്‍കി ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട് ഫ്രഞ്ച് സര്‍ക്കാര്‍. ഇതിനായി പാരീസിലെ സൊര്‍ബോണ്‍ സര്‍വകലാശാലയില്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇമ്മാനുവല്‍ മാക്രോണിന്റെ പച്ചയായ ഈ ഇസ്‌ലാമിക വിരോധം മുസ്‌ലിം രാജ്യങ്ങളെ ചൊടിപ്പിച്ചത് സ്വാഭാവികം. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചാണ് കുവൈത്ത്, ഖത്വര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചത്. “ഒരു രാജ്യത്തെ വ്യത്യസ്ത മതവിഭാഗക്കാരെ ഈ തരത്തില്‍ പരിഗണിക്കുന്ന ഒരു ഭരണാധികാരിയെക്കുറിച്ച് എന്താണ് പറയുക. ഇമ്മാനുവല്‍ മാക്രോണിന്റെ മാനസിക, ആരോഗ്യ നില പരിശോധിച്ച് ചികിത്സ നല്‍കേണ്ടതാണെ’ന്നായിരുന്നു തുര്‍ക്കി പ്രസിഡന്റ്ഉര്‍ദുഗാന്റെ പ്രതികരണം.

ഇതോടെയാണ് ഫ്രാന്‍സ് ഭരണകൂടത്തിന് പിന്തുണ അറിയിച്ചും ഇമ്മാനുവല്‍ മാക്രോണിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുന്ന അറബ് രാജ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും ഇന്ത്യ രംഗത്തുവന്നത്. “അപലപനീയമായ ഭാഷയില്‍ ഫ്രഞ്ച് പ്രസിഡന്റിനെതിരായ വ്യക്തിപരമായ വിമര്‍ശങ്ങളെ തള്ളിക്കളയുന്നു. അന്താരാഷ്ട്ര മര്യാദകളെ മറന്നുകൊണ്ടുള്ള പ്രയോഗങ്ങളാണ് ഇമ്മാനുവല്‍ മാക്രോണിനെതിരെ നടന്നത്. ഫ്രാന്‍സിലെ സ്‌കൂള്‍ അധ്യാപകന്റെ ക്രൂരമായ കൊലപാതകത്തെയും അപലപിക്കുന്നു’വെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. വിദേശകാര്യ സെക്രട്ടറി ഹർഷ്്വര്‍ധന്‍ ശൃംഖ്്ലാ ഫ്രാന്‍സ് സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യയുടെ ഈ തിരക്കിട്ട നീക്കം.

വിദേശ രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളിലും ഭിന്നതയിലും ഇന്ത്യ ഇടപെടുന്നത് അസാധാരണ നടപടിയാണെന്നാണ് നയതന്ത്ര വിദ്ഗധരുടെ പക്ഷം. സാമുവല്‍ പാറ്റി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പ്രതിഷേധിക്കാം. അതിലപ്പുറം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയപരമായ തര്‍ക്കങ്ങളില്‍ ഇടപെടുന്നത് ശരിയല്ല. കശ്മീര്‍ പ്രശ്‌നത്തില്‍ മറ്റാരെങ്കിലും അഭിപ്രായ പ്രകടനം നടത്തിയാല്‍ ഇന്ത്യക്ക് സഹിക്കാറില്ല. അത് തങ്ങള്‍ കൈകാര്യം ചെയ്‌തോളാമെന്നും മറ്റാരും ഇടപെടേണ്ടതില്ലെന്നുമാണ് ഇന്ത്യ അത്തരക്കാരെ ഉപദേശിക്കാറുള്ളത്. ഫ്രാന്‍സും അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തിലും ഇതേ നിലപാടല്ലേ ഇന്ത്യ സ്വീകരിക്കേണ്ടിയിരുന്നത്? കേവലം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല ഫ്രാന്‍സിന്റെ ഇസ്‌ലാം വിരുദ്ധ പ്രസ്താവനകള്‍. ഇസ്‌ലാമോഫോബിയയില്‍ നിന്നുടലെടുത്തതാണത്.

മുമ്പേ തന്നെ കടുത്ത മുസ്‌ലിം വിരോധിയാണ് ഇമ്മാനുവല്‍ മാക്രോണ്‍. പള്ളികള്‍ക്ക് വിദേശ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഫണ്ടിംഗ് വിലക്കല്‍, മുസ്‌ലിം ഗ്രൂപ്പുകള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിന് കടുത്ത നിയന്ത്രണം തുടങ്ങി മുസ്‌ലിം സമൂഹത്തിന് ദോഷകരമായ നിരവധി നിയമങ്ങളും പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട് അദ്ദേഹം. പള്ളികളിലെ ഇമാമുമാര്‍ക്ക് ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിന്റെ പ്രത്യേക ടെസ്റ്റ്, വിദേശത്തു നിന്ന് ഫ്രാന്‍സിലേക്ക് ഇമാമുകളെ അയക്കുന്നതിന് വിലക്ക്, കുട്ടികള്‍ക്കുള്ള മതപഠനം കുറക്കുന്നതിനായി വീടുകളില്‍ നിന്നുള്ള വിദ്യാഭ്യാസത്തിന് വിലക്ക് എന്നിവയും ഇമ്മാനുവല്‍ മാക്രോണിന്റെ ഭരണകാലത്ത് വന്ന നിയമങ്ങളാണ്. ഫ്രഞ്ച് സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഹിജാബ് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. രാജ്യത്ത് ഇസ്‌ലാമിക പ്രവര്‍ത്തനവും മുന്നേറ്റവും ചിഹ്നങ്ങളും പരമാവധി കുറക്കുകയെന്നതാണ് ഇതിലൂടെയെല്ലാം ലക്ഷ്യമാക്കുന്നത്. ഫ്രാന്‍സിലാണ് യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ളത്. 2017ലെ സെന്‍സസ് പ്രകാരം 57.60 ലക്ഷമാണ് ഫ്രഞ്ച് മുസ്‌ലിംകളുടെ എണ്ണം. മൊത്തം ജനസംഖ്യയുടെ 8.8 ശതമാനം വരുമിത്.

ഇന്ത്യയുമായി അകന്നു കഴിയുന്ന തുര്‍ക്കിയും പാക്കിസ്ഥാനുമാണ് ഫ്രഞ്ച് പ്രസിഡന്റിനെതിരെ ഏറ്റവും രൂക്ഷമായ വിമര്‍ശം നടത്തിയതെന്നതാണ് ഇന്ത്യയുടെ നീക്കത്തിനു പിന്നിലെന്നാണ് നയതന്ത്ര വിദഗ്ധര്‍ അനുമാനിക്കുന്നത്. കശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയ നടപടിയെ ഉര്‍ദുഗാന്‍ യു എന്‍ ജനറല്‍ അസംബ്ലിയില്‍ വിമര്‍ശിച്ചതോടെയാണ് തുര്‍ക്കിയുമായി ഇന്ത്യ അകന്നത്. നീതിയിലും ധര്‍മത്തിലും അധിഷ്ഠിതമായ ചര്‍ച്ചയാണ് കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ആവശ്യം. ദക്ഷിണേഷ്യയുടെ സ്ഥിരതയും അഭിവൃദ്ധിയുമായി ബന്ധപ്പെട്ടതാണ് കശ്മീര്‍ പ്രശ്‌നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കുകയുണ്ടായി. ഈ വിരോധത്തിനപ്പുറം ബി ജെ പി സര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധതയും ഒളിഞ്ഞു കിടപ്പുണ്ട് വിദേശ മന്ത്രാലയത്തിന്റെ ഇടപെടലിനു പിന്നില്‍. ഉര്‍ദുഗാന്റെ മാക്രോണ്‍ വിരുദ്ധ പ്രസ്താവന അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണെങ്കില്‍ അതിനേക്കാള്‍ വലിയ ലംഘനമല്ലേ വിദേശകാര്യ മന്ത്രാലയത്തിന്റേത്?