Connect with us

Kerala

പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്

Published

|

Last Updated

ബെംഗളൂരു | കേരളത്തെ മികച്ച ഭരണമുള്ള സംസ്ഥാനമായി തിരഞ്ഞെടുത്ത് പബ്ലിക് അഫയേഴ്‌സ് സെന്റര്‍ (പി എ സി). മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ അധ്യക്ഷനായി ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ എന്‍ ജി ഒയാണ് പബ്ലിക് അഫയേഴ്‌സ് സെന്റര്‍. പി എ സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഭരണകാര്യങ്ങളില്‍ കേരളം ഒന്നാമതാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് 2020 എന്ന പേരിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. തുല്യനീതി, വളര്‍ച്ച, സ്ഥിരത എന്നിവയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന പട്ടിക പി എ സി തയാറാക്കിയത്. തുടര്‍ച്ചയായി നാലാം തവണയാണ് കേരളം ഈ നേട്ടം സ്വന്തമാക്കുന്നത്.

തമിഴ്നാടും ആന്ധ്ര പ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. കര്‍ണാടക നാലാമതാണ്. ആദ്യ നാലു സ്ഥാനങ്ങളിലെത്തിയ നാലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് എന്നത് ശ്രദ്ധേയമായി. ഉത്തര്‍ പ്രദേശാണ് ഏറ്റവും അവസാനമുള്ളത്. ഉത്തര്‍ പ്രദേശിനു പുറമെ ഒഡീഷ, ബിഹാര്‍, മണിപ്പൂര്‍, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ മൈനസ് മാര്‍ക്കാണ് നേടിയത്.
ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയും കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡീഗഢും ഒന്നാമതെത്തി.

Latest