Connect with us

Covid19

സംസ്ഥാനത്ത് സ്മാരകങ്ങളും മ്യൂസിയങ്ങളും നവംബർ മൂന്നിന് തുറക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകൾക്ക് കീഴിലുള്ള സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും നവംബർ മൂന്ന് മുതൽ സന്ദർശകരെ അനുവദിക്കാൻ ഉത്തരവായതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നതടക്കം മാർഗ്ഗനിർദ്ദേശങ്ങൾ ഉത്തരവിൽ വ്യക്തമാക്കുന്നു.

മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരും മൂന്നാം തിയതി മുതൽ കൃത്യമായി ജോലിക്ക് ഹാജരാകാൻ വകുപ്പ് മേധാവികൾ നിർദ്ദേശം നൽകണം. മ്യൂസിയവും പരിസരവും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം. ജീവനക്കാരുടെയും സന്ദർശകരുടെയും ശരീരോഷ്മാവ് പ്രവേശനത്തിന് മുമ്പ് പരിശോധിക്കണം. പേര്, മൊബൈൽ നമ്പർ എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തണം. സന്ദർശകർ മാസ്‌ക് ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ജീവനക്കാർ ഉറപ്പു വരുത്തണം.

സന്ദർശകർ മ്യൂസിയങ്ങളിലും പരിസരങ്ങളിലും സ്പർശിക്കുന്നത് ഒഴിവാക്കണം. പ്രാരംഭഘട്ടത്തിൽ ഗൈഡിംഗ് സമ്പ്രദായം താല്കാലികമായി നിർത്തി വയ്ക്കണം. പ്രദർശന വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാനും സംശയനിവാരണത്തിനും മതിയായ ജീവനക്കാർ ഓരോ ഗ്യാലറിയിലും ഉണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.

3-ഡി തീയേറ്റർ, ചിൽഡ്രൻസ് പാർക്ക്, എയർ കണ്ടീഷൻ എന്നിവയുടെ പ്രവർത്തനം അനുവദിക്കരുത്. തൃപ്പൂണ്ണിത്തുറ ഹിൽപ്പാലസ് മ്യൂസിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ നിലവിൽ സന്ദർശനം അനുവദിക്കുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു.

Latest