Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരെ സര്‍ക്കാറും; കോടതി മാറ്റ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്ക് എതിരെ സര്‍ക്കാരും. പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇത് അറിയിച്ചിട്ടും വിചാരണക്കോടതി കണക്കിലെടുക്കുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേ സമയം വിചാരണ കോടതി മാറ്റണമെന്ന് സമര്‍പ്പിച്ച് നല്‍കിയ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി.

പ്രതികള്‍ക്ക് നല്‍കുന്ന പല രേഖകളുടെയും പകര്‍പ്പുകള്‍ പ്രോസിക്യൂഷന് നല്‍കുന്നില്ല. കോടതിയില്‍ സംഭവിച്ച കാര്യങ്ങള്‍ സീല്‍ഡ് കവറില്‍ നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ തന്നെ നീതി കിട്ടില്ല എന്ന് പറയുമ്പോള്‍ തന്റെ അവസ്ഥ മനസ്സിലാക്കണമെന്ന് നടിയും കോടതിയെ അറിയിച്ചു.

കേസില്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ നടപടി പക്ഷപാതപരമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. വിസ്താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കോടതി നിശബ്ദമായി നിന്നെന്ന് ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരിയുടെ പല സുപ്രധാന മൊഴിളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹര്‍ജിയിലുണ്ട്. ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ച കോടതി വിശദമായ സത്യവാങ്മൂലം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു