കേരളത്തില്‍ ഭരണവും പാര്‍ട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥ: ചെന്നിത്തല

    Posted on: October 30, 2020 12:02 pm | Last updated: October 30, 2020 at 12:16 pm

    തിരുവനന്തപുരം |  സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ പതിവ് വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാറിന്റേയും സി പി എമ്മിന്റേയും സമ്പൂര്‍ണ തകര്‍ച്ചയാണ് കേരളത്തില്‍ കാണുന്നത്. ഭരണവും പാര്‍ട്ടിയും ട്രിപ്പ് ഇട്ട് കിടക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ രാജി പ്രഖ്യാപിക്കും എന്നാണ് ജനം കരുതിയത്. എന്നാല്‍ മുഖ്യമന്ത്രി ഒരു പ്രത്യേക തരം ക്യാപ്‌സൂള്‍ അവതരിപ്പിക്കുകയായിരുന്നു.

    എം ശിവശങ്കര്‍ കള്ളപ്പണ കേസില്‍ അഞ്ചാം പ്രതിയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി. പാര്‍ട്ടിക്കോ, ഭരണത്തിനോ കൂടുതല്‍ ദുര്‍ഗന്ധം എന്ന് മാത്രമാണ് സംശയം. പിണറായി വിജയന്റെ ഭരണത്തില്‍ പാര്‍ട്ടി ഇന്ന് ശരശയ്യയിലാണ്.

    ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ എല്ലാം കെട്ടിവച്ച് രക്ഷപെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവ്ലിനിലും പിണറായി ചെയ്തത് ഇത് തന്നെയാണ്. ഇഡിയുടെ റിപ്പോര്‍ട്ടില്‍ സ്വര്‍ണ്ണക്കടത്തിലെ ശിവശങ്കറിന്റെ സഹായം വ്യക്തമാണ്. ശിവശങ്കറിന്റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണ്. ബി ജെ പി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു സര്‍ക്കാറുകളെ അട്ടിമറിക്കുന്നു എന്നത് സത്യമാണ്.പക്ഷേ ആരാണ് കേരളത്തില്‍ കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചുകൊണ്ടുവന്നത്. എന്നിട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് മുഖ്യമന്ത്രി നല്‍കുന്നത് ഗുഡ് സര്‍ട്ടിഫിക്കറ്റ്. വാളയാറില്‍ നിന്നും ഉയരുന്നത് നീതി നിഷേധത്തിന്റെ കാറ്റാണ്. ആ കാറ്റില്‍ സര്‍ക്കാര്‍ ഒലിച്ചുപോകും. മയക്കുമരുന്ന് വില്‍ക്കുന്ന ശക്തികളുടെ പിന്നില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനാണ്. പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കാനുള്ള സാമാന്യ മര്യാദ കോടിയേരി കാണിക്കണം. ഐ ഫോണുകള്‍ ആര്‍ക്കെല്ലാം കിട്ടിയെന്നത് അന്വേഷിക്കണം എന്ന ആവശ്യത്തിലല്‍ ഉറച്ച് നില്‍ക്കുന്നു. ഇതില്‍ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.