Connect with us

National

പുല്‍വാമ ഭീകരാക്രമണം ഇമ്രാന്‍ ഖാന്റെ ഭരണ നേട്ടം; വിവാദ പരാമര്‍ശവുമായി പാക് മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | പുല്‍വാമ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭരണത്തിലുണ്ടായ വലിയ നേട്ടമാണെന്ന് ഉദ്‌ഘോഷിച്ച് പാക് മന്ത്രി. ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരിയാണ് ദേശീയ അസംബ്ലിയില്‍ ഇക്കാര്യം പ്രസ്താവിച്ചത്. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചേക്കും എന്ന് ഭയപ്പെട്ടാണ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചതെന്ന എം പി ആയാസ് സാദിഖിന്റെ ആരോപണത്തോട് പ്രതികരിക്കവെയായിരുന്നു ഫവാദിന്റെ
പ്രസ്താവന. സ്വന്തം ഭൂമിയിലേക്ക് കയറിയാണ് ഇന്ത്യയെ ആക്രമിച്ചത്. ഇത് ഇമ്രാന്‍ ഖാന്റെ ഭരണ നേട്ടമാണെന്നും ഫവാദ് പറഞ്ഞു.

പാക് വിദേശകാര്യ മന്ത്രി ഖുറൈശിയും സൈനിക മേധാവി ജനറല്‍ ജാവേദ് ബജ്വയും തമ്മില്‍ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ആയാസ് സ്വാദിഖ് വെളിപ്പെടുത്തുന്നതിന്റെ വീഡിയോ വിവാദമായതിനു പിന്നാലെയായിരുന്നു ഫവാദിന്റെ പ്രതികരണം. ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ ആക്രമിച്ചേക്കുമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞതുകേട്ട് പാക് സൈനിക മേധാവിയുടെ മുട്ടിടിച്ചെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.