Connect with us

Kerala

എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published

|

Last Updated

തിരുവനന്തപുരം |  കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് രാവിലെ 11 ഓടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ രാത്രി പത്തു മണിയോടെയാണ് ശിവശങ്കറെ ഇ ഡി അറസ്റ്റു ചെയ്തത്.

ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും നിരവധി നാടകീയ നിമിഷങ്ങള്‍ക്കും ഒടുവിലാണ് എം ശിവശങ്കറെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തൊട്ടു പിന്നാലെയാണ് തിരുവനന്തപുത്ത് നിന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ശിവശങ്കരെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നെ നേരെ കൊച്ചിയിലേക്ക്. വന്‍ പ്രതിഷേധം കണക്കിലെടുത്ത് കൊച്ചിയിലെ ഇഡി ഓഫീസിലേക്കുള്ള രണ്ട് വഴികളും പോലീസ് ബാരിക്കേഡ് കെട്ടി അടച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായിരുന്നു ഓഫീസിന് സമീപത്തേക്ക് പ്രവേശനം. ഉച്ചക്ക് മൂന്നരയോടെ ശിവശങ്കറെയും കൊണ്ട് ഉദ്യോഗസ്ഥര്‍ ഇഡി ആസ്ഥാനത്തെത്തി.

തൊട്ടുപിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡി ഓഫീസിലെത്തി. തുടര്‍ന്ന് ശിവശങ്കരുടെ മൊഴിയെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. കസ്റ്റംസിന്റെ കേസ് വിദേശത്തേക്ക് അനധികൃതമായി അമേരിക്കന്‍ ഡോളര്‍ കടത്തിയതും. ഒടുവില്‍ ഒമ്പതരയോടെ ഇഡി തന്നെ അറസ്റ്റ് രേഖപ്പെടുത്താന തീരുമാനിച്ചു. ഇതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുറത്തേക്ക്. പുറത്ത് കാത്തു നിന്ന് മാധ്യമപ്രവര്‍ത്തകരോട് ഒരു പ്രതികരണത്തിനും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

പത്ത് മണിയോടെ അറസ്റ്റ് മെമ്മോ തയ്യാറായി. ശിവശങ്കറുടെ ഒപ്പും വാങ്ങി. രാത്രിയില്‍ ഇഡിയുടെ കസ്റ്റഡിയില്‍ കഴിയേണ്ടതിനാല്‍ ശിവശങ്കറെ വൈദ്യ പരിശോധനക്ക് വിധേയനാക്കാന്‍ തീരുമാനം. തുടര്‍ന്ന് ശിവശങ്കറെയും കൊണ്ട് രണ്ട് വാഹനങ്ങളിലായി ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്ക്.

എറണാകുളം ജനറല് ആശുപത്രിയിലെത്തിച്ച ശിവശങ്കറിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയതോടെ തിരികെ വീണ്ടും ഇഡി ഓഫീസിലേക്ക്.

Latest