Connect with us

National

ഏക്‌നാഥ് ഖഡ്‌സേക്കു പിന്നാലെ പങ്കജ മുണ്ടെയും ബിജെപി വിടാന്‍ തയ്യാറെടുക്കുന്നു

Published

|

Last Updated

മുംബൈ |  ഏക്നാഥ് ഖഡ്സേക്കു പിറകെ മുന്‍മന്ത്രി പങ്കജ മുണ്ടെയും ബി ജെ പി വിടാനൊരുങ്ങുന്നെന്ന് അഭ്യൂഹം. എന്‍ സി പി നേതാവ് ശരദ് പവാറുമായി വേദിപങ്കിട്ടതും പവാറിനെ പുകഴ്ത്തി ട്വിറ്റര്‍ സന്ദേശം പുറപ്പെടുവിച്ചതും അതിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ ബിജെപി നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ കുറച്ചുകാലമായി പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റതും നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ലഭിക്കാഞ്ഞതും അവരുടെ അതൃപ്തി വര്‍ധിപ്പിച്ചു. സംസ്ഥാന ബി ജെ പിയിലെ കോര്‍ കമ്മിറ്റിയില്‍നിന്ന് അവര്‍ വിട്ടുനില്‍ക്കുകയുമാണ്.

ഇതിനിടയിലാണ് പുണെയില്‍ ശരദ് പവാറുമായി അവര്‍ വേദി പങ്കിട്ടത്. കരിമ്പുകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുള്ള ചടങ്ങിലായിരുന്നു അത്. അതിനുശേഷമാണ് പവാറിനെ പ്രശംസിച്ച് ട്വിറ്ററില്‍ കുറിപ്പിട്ടത്. പകര്‍ച്ചവ്യാധിയുടെ കാലത്തും യോഗങ്ങളും ചര്‍ച്ചകളും യാത്രകളുമായി നടക്കുന്ന പവാറിന്റെ ഊര്‍ജം അപാരമാണ് എന്നായിരുന്നു കുറിപ്പ്.

രാഷ്ട്രീയമായി വേറൊരു പക്ഷത്താണെങ്കിലും കഠിനാധ്വാനംചെയ്യുന്നവരെ ആദരിക്കാതിരിക്കാനാവില്ലെന്നും അച്ഛന്‍ പഠിപ്പിച്ചത് അതാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഞായറാഴ്ച ബീഡില്‍ ദസറാറാലിയില്‍ പാര്‍ട്ടിയിലെ എതിരാളികള്‍ക്കെതിരേ പങ്കജ മുണ്ടെ തുറന്നടിച്ചിരുന്നു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് എന്നാണവര്‍ പറഞ്ഞത്. ഗോപിനാഥ് മുണ്ടെയുടെ മരണശേഷം മഹാരാഷ്ട്രയില്‍ ബി.ജെ.പി.യിലെ ഏറ്റവും വലിയ പിന്നാക്ക സമുദായ നേതാവായിരുന്ന ഖഡ്സേ കഴിഞ്ഞയാഴ്ചയാണ് പാര്‍ട്ടിവിട്ടത്. ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം എന്‍ സി പി അംഗത്വം സ്വീകരിക്കുകയുംചെയ്തു.