Connect with us

Ongoing News

ലൈറ്റ് ഓഫ് മദീന മൗലിദ് സമ്മേളനം - തത്സമയം

Published

|

Last Updated

മലപ്പുറം |  പ്രവാചകര്‍ (സ്വ)യുടെ 1495-ാം ജന്മദിനത്തോടനുബന്ധിച്ച് മലപ്പുറം മഅദിന്‍ അക്കാദമിയില്‍ റബീഉല്‍ അവ്വല്‍ 12-ാം രാവ് മുതല്‍ പുലര്‍ച്ചെ വരെ മൗലിദ് സമ്മേളനവും ലൈറ്റ് ഓഫ് മദീനയും നീളും. ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ പതിനായിരങ്ങള്‍ കുടുംബ സമേതം സംബന്ധിച്ചു. വൈകുന്നേരം 5 ന് ഫ്‌ളവര്‍ഷോയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സ്വീറ്റ് മദീന പരിപാടി നടന്നു. ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂര്‍, റഊഫ് അസ്ഹരി ആക്കോട്, ഷഹിന്‍ ബാബു താനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്‌നേഹ നബി പ്രഭാഷണത്തിന് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.  മുഹമ്മദ് നബിയുടെ 1495-ജന്മദിനമാഘോഷിക്കുമ്പോള്‍ ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ക്കു പോലും ലോകത്തെയാകെ നിശ്ചലമാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കൊറോണ മഹാമാരി വന്‍കരകളുടെ അതിരുകള്‍ കടന്ന് മനുഷ്യനൊപ്പമുണ്ട്. തിരുനബിയുടെ ഏറ്റവും പ്രധാന പാഠങ്ങളിലൊന്നായ പ്രതിസന്ധികളെ നേരിടാനുള്ള ക്ഷമയും സഹനവും ഇക്കാലത്ത് കൂടുതല്‍ പ്രസക്തമാണ്. തിരിച്ചടികളുമുണ്ടാകുമ്പോള്‍ അവയെ സമചിത്തതയോടെയും വിവേകത്തോടെയും സമീപിക്കണമെന്നാണ് 63 വര്‍ഷക്കാലത്തെ ജീവിത്തിലൂടെ പ്രവാചക ശ്രേഷ്ഠര്‍ പഠിപ്പിച്ചതെന്നും കൊവിഡ് മഹാമാരിയെ അതിജയിക്കാന്‍ നമുക്കാവുമെന്നും അദ്ദേഹം പറഞ്ഞു. മന്‍ഖൂസ് മൗലിദ് പാരായണത്തിനും അദ്ദേഹം നേതൃത്വം നല്‍കി.

രാത്രി 9.00 ന് വിവിധ ഭാഷകളിലുള്ള പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് ഹാഫിള് നഈം അദനി കുറ്റൂര്‍, ഹാഫിള് മുബശ്ശിര്‍ പെരിന്താറ്റിരി, അസദ് പൂക്കോട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാത്രി 10.30 മുതല്‍ രാത്രി ഒന്ന് വരെ നടന്ന ശറഫുല്‍ അനാം മൗലിദ് പൂര്‍ണമായും പാരായണം ചെയ്യുന്ന പരിപാടിക്ക് സയ്യിദ് ഇസ്മാഈല്‍ ബുഖാരി നേതൃത്വം നല്‍കി. ഒന്ന് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ ലൈലത്തുന്നൂര്‍ സെഷനില്‍ മദീനാപാട്ടുകള്‍, ഖവാലി, നശീദ എന്നിവയും നടന്നു.

പുലര്‍ച്ചെ മൂന്ന് മുതല്‍ പ്രവാചക ജനന സമയത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് തുടക്കമാകും. അഞ്ച് വരെ നീണ്ടു നിൽക്കുന്ന പരിപാടിക്ക് പ്രവാചക പരമ്പരയിലെ 20 സാദാത്തുക്കള്‍ നേതൃത്വം നല്‍കും. ബുര്‍ദ പാരായണം, സലാം ബൈത്ത്, വിവിധ മൗലിദുകള്‍, അശ്‌റഖ പാരായണം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. പ്രാര്‍ഥനക്ക് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. പ്രമുഖ പണ്ഡിതരായ ശൈഖ് ഹബീബ് ഉമര്‍ ഹഫീള് ഹളര്‍മൗത്ത്, സയ്യിദ് ആദില്‍ ജിഫ്രി മദീന, ശൈഖ് ഔന്‍ അല്‍ ഖദ്ദൂമി ജോര്‍ദാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.