കെ എസ് ആര്‍ ടി സിക്ക് ഉപ കമ്പനി രൂപീകരിക്കും; പുതിയ 100 ബസുകള്‍ വാങ്ങാനും തീരുമാനം

Posted on: October 28, 2020 5:47 pm | Last updated: October 28, 2020 at 10:23 pm

തിരുവനന്തപുരം |  കെഎസ്ആര്‍ടിസിക്ക് സിഫ്റ്റ് എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിക്കുന്നു. ഉപകമ്പനി രൂപീകരിക്കുന്ന കാര്യം ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് അറിയിച്ചത്. കെഎസ്ആര്‍ടിസി പുതിയ 100 ബസുകള്‍ വാങ്ങിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപിച്ച ഉത്തേജന പാക്കേജിനായി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനും തീരുമാനമായി.

കിഫ്ബിയുടെ സഹായത്തോടെയായിരിക്കും ബസുകള്‍ വാങ്ങുക. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലായിരിക്കും സിഫ്റ്റ് ആരംഭിക്കുക. 72 എക്സ്പ്രസ്, 20 സെമി സ്ലീപ്പര്‍, 8 സ്ലീപര്‍ എന്നിങ്ങനെയായിരിക്കും ബസുകള്‍ വാങ്ങിക്കുന്നത്.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി കണക്കിലെടുത്താണ് നീക്കം. ഈ വര്‍ഷം 2000 കോടിയായിരിക്കും നല്‍കുക. എല്‍ഡിഎഫ് സര്‍ക്കാര്‍ 4160 കോടിയാണ് ഈ തുക കൂടി ചേര്‍ത്ത് കെഎസ്ആര്‍ടിസിക്ക് നല്‍കിയിരിക്കുന്നത്.അടുത്ത ജനുവരിയോടെ ബസുകള്‍ ഓടിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ അടുത്ത മാസം തന്നെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.