പദ്മാവത് സിനിമക്കെതിരെ പ്രതിഷേധിച്ചവരെ കേസില്‍ നിന്ന് ഒഴിവാക്കുന്നു

Posted on: October 28, 2020 10:00 am | Last updated: October 28, 2020 at 3:07 pm

ഭോപ്പാല്‍ |  പദ്മാവത് സിനിമക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന വ്യാപക ആക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കുന്നു. രജപുത്ര സമൂഹത്തിന്റെ പരമ്പരാഗത ശാസ്ത്ര പൂജന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് കേസ് പിന്‍വലിക്കുമെന്ന വാഗ്ദാനം നല്‍കിയത്. കൂടാതെ ഭോപ്പാലില്‍ റാണി പദ്മാവതിയുടെ സ്മാരകം നിര്‍മിക്കുമെന്നും
അടുത്ത അധ്യായന വര്‍ഷം മുതല്‍ റാണി പദ്മാവതിയെ കുറിച്ചുള്ള പാഠങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ചൗഹാന്‍ പറഞ്ഞതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

രജ്പുത് സമുദായത്തിന്റെ വികാരം വൃണപ്പെടുത്തുന്ന സിനിമയെന്ന് പറഞ്ഞായിരുന്നു മധ്യപ്രദേശ് അടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍ നേരത്തെ അക്രമം അരങ്ങേറിയത്. കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിച്ചു. നായിക ദീപിക പദുക്കോണിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സിനിമ റിലീസായപ്പള്‍ തിയേറ്ററുകള്‍ക്കും മാളുകള്‍ക്കും ചന്തകള്‍ക്കുമെല്ലാം തീയിട്ടു. സ്വയം തീകൊളുത്തി ആത്മഹത്യയും നടന്നു. ഇത്തരത്തില്‍ വ്യാപക അക്രമം നടന്ന കേസുകളാണ് ബി ജെ പി സര്‍ക്കാര്‍ റദ്ദ് ചെയ്യുന്നത്.

ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായ സിനിമയില്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമായിരുന്നു ഇതിവൃത്തം.