Connect with us

Covid19

ലോകത്ത് കൊവിഡില്‍ പൊലിഞ്ഞത് 11.71 ലക്ഷം ജീവനുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് 19 മഹാമാരി മൂലം ലോകത്ത് ഇതിനകം 11.71 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കണക്കുകള്‍. കൃത്യമായി പറഞ്ഞാല്‍ 1,171,271 മരണം സംഭവിച്ചു. 24 മണിക്കൂറിനിടെ മാത്രം 7,023 മരണങ്ങളാണുണ്ടായത്. ലോകത്താകമാനം 44,234,933 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 24 മണിക്കൂറിനിടെ 459,020 പേര്‍ രോഗബാധിതരായി. 32,442,948 പേര്‍ ഇതിനകം രോഗമുക്തി കൈവരിച്ചു. 10,620,714 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 79,887 പേരുടെ നില അതീവ ഗുരുതരമാണ്.

അതിനിടെ ലോകത്ത് കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചതിനു പിന്നില്‍ അന്തരീക്ഷവായൂ മലിനീകരണവും കാരണമെന്ന് പഠന റിപ്പോര്‍ട്ട്. ജര്‍മന്‍ ആസ്ഥാനമായ മാക്‌സ് പ്‌ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കെമിസ്ട്രിയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 15 ശതമാനം കൊവിഡ് മരണങ്ങളും വായു മലിനീകരണം മൂലമാണെന്ന് കാര്‍ഡിയോ വാസ്‌കുലര്‍ റിസര്‍ച്ച് എന്ന ജേര്‍ണലില്‍ ഇവര്‍ പറയുന്നു. കാലങ്ങളായുള്ള വായു മലിനീകരണം ജനങ്ങളുടെ ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടെന്നും കൊവിഡ് കൂടി പിടിപെട്ടതോടെ ശ്വാസകോശ രോഗം വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.

ലോകത്താകമാനമുള്ള കൊവിഡ് മരണങ്ങളില്‍ നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആരോഗ്യവാനായ ഒരാള്‍ക്ക് കോവിഡും പരിസ്ഥിതി മലിനീകരണവും മരണ കാരണമാകുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.