ബിഹാറില്‍ കനത്ത സുരക്ഷയില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Posted on: October 28, 2020 8:08 am | Last updated: October 28, 2020 at 10:23 am

പാറ്റ്‌ന | കനത്ത പോലീസ് കാവലില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് ആരംഭിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലകളടക്കം 71 മണ്ഡലത്തിലേക്കാണ് ഇന്ന് രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. എന്നാല്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ വൈകിട്ട് അഞ്ചിന് തന്നെ വോട്ടെടുപ്പ് അവസാനിപ്പിക്കും.

കൊവിഡ് മഹാമാരി കാലത്ത് രാജ്യത്തെ ഒരു സംസ്ഥാനത്ത് നടക്കന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഇതിനാല്‍ കനത്ത സുരക്ഷാ നടപടികളാണ് സ്വീകരിച്ചരിക്കുന്നത്. പോളിംഗ് ആരംഭിക്കുന്നതിന് മുമ്പ് തെന്ന എല്ലാ വോട്ടിംഗ് മെഷീനുകളും സാനിറ്റൈസ് ചെയ്തിരുന്നു. മറ്റ് കൊവിഡ് പ്രോട്ടോകോള്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 71 മണ്ഡലങ്ങളിലായി 1,066 പേരാണ് ജനവിധി തേടുന്നത്. ഇതില്‍ 114 പേര്‍ വനതികളാണ്. 31,371 വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും സാധാരണ പോലീസിനൊപ്പം അര്‍ധ സൈനിക വിഭാഗവും ചേര്‍ന്നാണ് സുരക്ഷ ഒരുക്കുന്നത്.

ആദ്യഘട്ട വോട്ടെടുപ്പില്‍ മന്ത്രിമാരായ കൃഷ്ണന്ദന്‍ വര്‍മ, പ്രേം കുമാര്‍, ജയ് കുമാര്‍ സിംഗ്, സന്തോഷ് കുമാര്‍ നിരാല, വിജയ് സിന്‍ഹ, രാം നാരായണ്‍ മണ്ഡല്‍ എന്നിവരെല്ലാം ജനവിധി തേടുന്നുണ്ട്. ചയ്ന്‍പുര്‍ ആണ് ഏറ്റവും വലിയ മണ്ഡലം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ഹിസ്വ മണ്ഡലത്തിലാണ്. ബാര്‍ബിഘയാണ് ആദ്യ ഘട്ടത്തില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലം.