നിയമസഭയിലെ കൈയാങ്കളി; ജലീലും ഇ പി ജയരാജനും ഇന്ന് നേരിട്ട് കോടതിയില്‍

Posted on: October 28, 2020 6:45 am | Last updated: October 28, 2020 at 8:11 am

തിരുവനന്തപുരം |  കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലും ഇന്ന് നേരിട്ട് കോടതിയിലെത്തും. മാണിയുടെ പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന പരാതിയിലാണ് ഇരുവരും കോടതിയിലെത്തുക. തിരുവനന്തപുരം സി ജെ എം കോടതിയിലെത്തിയാണ് ഇരവുരും വിശദീകരണം നല്‍കുക.

രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറ് ഇടത് നേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാറിന്റെ ഹരജി തള്ളിയതിനെ തുടര്‍ന്ന് നാല് പേര്‍ നേരത്തെ ഹാജരായി ജാമ്യമെടുത്തിരുന്നു. 30000 രൂപ കെട്ടിവച്ചാണ് ജാമ്യമെടുത്തത്. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നത്. സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ കുമാറാകും ഇന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്.