ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് മിന്നും ജയം

Posted on: October 27, 2020 11:34 pm | Last updated: October 28, 2020 at 8:14 am

ദുബൈ | ഐപിഎല്ലിലെ ജീവന്‍മരണ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. 88 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ മിന്നും ജയം.

ഹൈദരാബാദ് ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് കണക്ക് കൂട്ടലുകള്‍ തുടക്കം മുതല്‍ പിഴച്ചു. ഓപ്പണര്‍ ശിഖര്‍ ധവാനെ (0) തുടക്കത്തില്‍ തന്നെ ഡല്‍ഹിക്ക് നഷ്ടമായി. പിന്നീട് ക്രിസിലെത്തിയ മാര്‍ക്കസ് സ്റ്റോയിനിസിനും (5) യാതൊന്നും ചെയ്യാന്‍ സാധിച്ചില്ല.

വലിയ ലക്ഷ്യം മറികടക്കാനിറങ്ങിയ ഡല്‍ഹിയുടെ നാല് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. 36 റണ്‍സ് നേടിയ ഋഷഭ് പന്ത് ആണ് ഡല്‍ഹി നിരയിലെ ടോപ് സ്‌കോറര്‍.

ഷിമ്രണ്‍ ഹെറ്റ്മ്യര്‍(16), അജിങ്ക്യ രഹാനെ(26) എന്നിവരെ കൃത്യമായ ഇടവേളകളില്‍ മടക്കിയയച്ച് സണ്‍റൈസേഴ്‌സ് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. തുഷാര്‍ ദേശ്പാണ്ഡേ 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 19 ഓവറില്‍ 131 റണ്‍സിന് ഡല്‍ഹി ഓള്‍ഔട്ട് ആകുകയായിരുന്നു.

മൂന്ന് വിക്കറ്റ് നേടിയ റാഷിദ് ഖാനാണ് ഡല്‍ഹിയെ വീഴ്ത്തിയത്. നടരാജും സന്ദീപ് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. പേരുകേട്ട ഡല്‍ഹി ബൗളിംഗ് നിരയെ പിച്ചിച്ചീന്തിയ വൃദ്ധിമാന്‍ സാഹയും നായകന്‍ ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് ഈ പടുകൂറ്റന്‍ സ്‌കോര്‍ സണ്‍റൈസേഴ്‌സിനായി കണ്ടെത്തിയത്. സാഹ 87 റണ്‍സും വാര്‍ണര്‍ 66 റണ്‍സും നേടി. മനീഷ് പാണ്ഡേ 44 റണ്‍സും വില്യംസണ്‍ 11 റണ്‍സും നേടി പുറത്താകാതെ നിന്നു.