വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവി അങ്കി ദാസ് രാജിവെച്ചു

Posted on: October 27, 2020 8:35 pm | Last updated: October 27, 2020 at 10:51 pm

ന്യൂഡല്‍ഹി | ബിജെപി പക്ഷപാതിത്വത്തിന്റെ പേരില്‍ വിവാദത്തിലായ ഫേസ്ബുക്കിന്റെ ഇന്ത്യ, ദക്ഷിണേഷ്യാ, മധേഷ്യാ പോളിസി ഡയറക്ടറായ അങ്കി ദാസ് തല്‍സ്ഥാനം രാജിവെച്ചു. ഫേസ്ബുക്കിലെ വിദ്വേഷ പ്രചാരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപിയോട് രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചുവെന്നതിന്റെ പേരില്‍ വിവാദത്തിലായ വ്യക്തിയാണ് അങ്കിദാസ്. അതേ സമയം സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമല്ല.

ഫേസ്ബുക്കിലൂടെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കുന്നതിനെ അങ്കിദാസ് ഇടപെട്ട് തടഞ്ഞുവെന്ന വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

കഴിഞ്ഞയാഴ്ച അങ്കിദാസ് ഒരു പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരായിരുന്നു. ഫേസ്ബുക്കിലെ സ്വകാര്യതയുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പാനല്‍ അങ്കിദാസുമായി കൂടിക്കാഴ്ചനടത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം അങ്കിദാസ് പാനലിന്റെ ചോദ്യങ്ങള്‍ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പ്, വ്യവസായം, പരസ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പാനല്‍ ഫേസബുക്കിനോട് നിര്‍ദേശിച്ചിരുന്നു.ഇന്ത്യയില്‍ 30 കോടി ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്.