ചൈനയുടെ പ്രകോപനങ്ങള്‍ക്കെതിരെ ഇന്ത്യക്കൊപ്പം ഉറച്ചുനില്‍ക്കും; നിലപാട് വ്യക്തമാക്കി അമേരിക്ക

Posted on: October 27, 2020 7:51 pm | Last updated: October 27, 2020 at 7:54 pm

ന്യൂഡല്‍ഹി | ചൈനക്കെതിരായ നിലപാടില്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇന്ത്യയുമായുള്ള ടു പ്‌ളസ് ടു ചര്‍ച്ചയിലാണ് നിലപാട് വ്യക്തമാക്കിയത്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈന നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ ഇന്ത്യക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സംഘം പറഞ്ഞു. മേഖലയിലെ സമാധാനം തകര്‍ക്കാന്‍ ചൈന ശ്രമിക്കുകയാണ്. ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങളില്‍ ഇന്ത്യയോടൊപ്പം ചേര്‍ന്ന് മുന്നോട്ട് പോകും. പ്രതിരോധ സഹകരണം ഉറപ്പാക്കുന്ന ബെക്ക കരാറില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു.

കരാറിലൂടെ അമേരിക്കന്‍ ഉപഗ്രഹ സംവിധാനവും പ്രതിരോധ സാങ്കേതിക വിദ്യയും ഇന്ത്യക്ക് പ്രയോജനപ്പെടുത്താനാകുമെന്നും ഉഭയകക്ഷി പ്രതിരോധ സഹകരണത്തിലെ നിര്‍ണായക ചുവടുവപ്പാണ് ഇതെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി അമേരിക്കന്‍ സംഘം കൂടിക്കാഴ്ച നടത്തി.