ബീച്ചുകളുടെ സംഗമക്കാഴ്ച

യാത്രാനുഭവം
Posted on: October 27, 2020 3:32 pm | Last updated: October 27, 2020 at 3:33 pm

സാധാരണ ബീച്ചുകളും ക്ലിഫ് ബീച്ചുകളും ഇടകലർന്നുള്ള അനന്യമായ ഭൂപ്രകൃതി. അതിലൂടെയുള്ള അതിസുന്ദരമായ (അൽപ്പം ദുർഘടവും) ട്രക്കിംഗ് അനുഭവം. ബോട്ട് യാത്ര, കടൽത്തീരത്ത് തന്നെ കുടിൽത്താമസം എല്ലാംകൊണ്ടും വിഭവസമൃദ്ധമായ യാത്രാനുഭവം സമ്മാനിക്കുന്നതാണ് ഗോകർണ.

പെട്ടെന്ന് തീരുമാനിച്ച യാത്രയായതിനാൽ ഗോകർണയിൽ റൂം കിട്ടിയില്ല. 40 കിലോമീറ്റർ ഇപ്പുറം, ട്രെയിൻ ഇറങ്ങിയ കുംത റെയിൽവേ സ്‌റ്റേഷന്റെ അടുത്തുതന്നെ ഒരു റൂം ബുക്ക് ചെയ്തിരുന്നു. അവിടുത്തെ മാനേജരുടെ നിർബന്ധം കാരണമാണ് ബ്രേക്ഫാസ്റ്റ് കഴിഞ്ഞ ഉടൻ അഞ്ച് കിലോമീറ്റർ മാത്രം ദൂരമുള്ള കുംത ബീച്ചിലേക്ക് പോകാമെന്നു തീരുമാനിച്ചത്. യാത്രാ സൗകര്യത്തിനായി ഒരു ദിവസം 700 രൂപ എന്ന കണക്കിൽ ബൈക്കും വാടകക്കെടുത്തു. ദൂരെ നിന്നേ കാണുന്നുണ്ടായിരുന്ന പച്ചപ്പ് അടുത്തെത്തിയപ്പോൾ വലിയൊരു അത്ഭുതമായി മാറ്റി കുംത കാത്തിരിക്കുന്നുണ്ടായിരുന്നു.

പുൽത്തകിടിയൊക്കെയുള്ള അതിമനോഹരമായ ക്ലിഫ് ബീച്ച്. പശുക്കൾ പരശ്ശതം മേഞ്ഞു നടക്കുന്നുണ്ട്. എവിടെ നോക്കിയാലും വ്യൂ പോയിന്റുകൾ മാത്രം. ചെറുതെങ്കിലും മനോഹരമായ ഒരു ചിൽഡ്രൻസ് പാർക്കും അവിടെ ഒരുക്കിയിട്ടുണ്ട്. പാർക്കിനു മുമ്പിലുള്ള കോൺക്രീറ്റ് ബെഞ്ചുകളിൽ ഇരുന്നു, കടൽ നോക്കി കടലയും കൊറിച്ച് കുറെ നേരം. ഉച്ചക്ക് ശേഷം ഐതിഹ്യം നിറഞ്ഞഗോകർണയിലേക്ക് പുറപ്പെട്ടു. 45 കിലോമീറ്ററോളം ദൂരെയാണ് ഗോകർണ.

തൊട്ടുതൊട്ടു കിടക്കുന്ന മൂന്ന് ബീച്ചുകൾ. ഓം ബീച്ച്, ഹാഫ് മൂൺ ബീച്ച്, പാരഡൈസ് ബീച്ച്.ഇതിൽ ഓം ബീച്ചിലെ സൺസെറ്റ്‌ ബോട്ടിംഗോടെ ഒന്നാം ദിവസം അവസാനിച്ചു.
മൂന്ന് ബീച്ചുകൾ തമ്മിൽ മൂന്നര കിലോമീറ്റർ അകലമേയുള്ളൂ എങ്കിലും ട്രക്കിംഗ് ചെയ്തു തീരുമ്പോൾ ഒരു മണിക്കൂറിനു മേലെയാകും. ക്ലിഫിൽക്കൂടെയുള്ള ട്രക്കിംഗ് അനിർവചനീയമായ അനുഭവമാണ്. വെയിൽ മൂക്കുന്നതിനു മുമ്പു പുറപ്പെട്ടാൽ ഗോകർണ ബീച്ചും കഴിഞ്ഞ് കുറച്ച് മുമ്പോട്ടുപോയി മെയിൻ ട്രക്കിംഗ് റൂട്ടിൽ നിന്ന് 50 മീറ്റർ വലത്തേക്ക് മാറിയാൽ “സിംഗിൾ പാംട്രീ’ എന്ന ഒരു കിടിലൻ വ്യൂ പോയിന്റിൽ എത്തിച്ചേരും. ഹരിഹർ ഫോർട്ടിന്റെയും കാറ്റാടിക്കടവിന്റെയുമൊക്കെ സാമ്യമുള്ള സ്ഥലം.

താഴെക്കൂടി ബോട്ടുകൾ അലസമായി നീങ്ങുന്നു. ക്ഷമയോടെ കാത്തിരുന്നാൽ കണ്ണിനുവിരുന്നൊരുക്കി ഡോൾഫിനുകളുടെ മുങ്ങിപ്പൊങ്ങിക്കളി കാണാം. താഴെ ഡോൾഫിനുകൾ മുകളിലോ, തണുത്ത കാറ്റും പിന്നെ ചറപറാന്ന് തുമ്പികളും. നയനാനന്ദകരമായ കാഴ്ച. ട്രക്കിംഗ് ചെയ്ത് തളർന്നെത്തുന്നവർ തിരിച്ച് ഓം ബീച്ചിലേക്ക് ബോട്ടിൽ തന്നെയാണു പോകുന്നത്. മണിപ്പാലിലെ വിദ്യാർഥിക്കൂട്ടങ്ങളും വിദേശികളുമാണ് ഗോകർണയിലെ മുഖ്യ സന്ദർശകർ. ഒക്ടോബർ തുടങ്ങി മാർച്ചിൽ അവസാനിക്കുന്നതാണ് സീസൺ.

ALSO READ  സൈക്കിൾ ഫ്രണ്ട്ലി പട്ടണം