Connect with us

Articles

സാമൂഹിക നീതിയെ ഇങ്ങനെയും അട്ടിമറിക്കാം

Published

|

Last Updated

ഒന്നാം മോദി സര്‍ക്കാറിന്റെ അവസാനപാദത്തിലാണ് മുന്നാക്ക വിഭാഗത്തിന് സംവരണം എന്ന, ആര്‍ എസ് എസിന്റെ അജന്‍ഡക്ക് നിയമ പ്രാബല്യം നല്‍കുന്നത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരായ സമരകാലത്ത് ഉത്തരേന്ത്യയിലെ മുന്നാക്കക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം, ഒന്നുകില്‍ സംവരണം പൂര്‍ണമായും എടുത്തുകളയുക, അല്ലെങ്കില്‍ ഞങ്ങള്‍ക്കും സംവരണം ഉറപ്പാക്കുക എന്നായിരുന്നു. ബി ജെ പിയുടെ ഉത്തരേന്ത്യയിലെ വിശ്വസ്തരായ വോട്ട് ബേങ്കാണ് മുന്നാക്ക വിഭാഗം. സര്‍ക്കാര്‍ നിയമനങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് 27 ശതമാനം സംവരണം നല്‍കണമെന്ന മണ്ഡല്‍ കമ്മീഷന്‍ നിര്‍ദേശം നടപ്പാക്കാന്‍ മുന്നോട്ടുവന്ന വി പി സിംഗ് സര്‍ക്കാറിനെതിരെ രംഗത്തുവരാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത് അത് മാത്രമായിരുന്നില്ല. പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിലൂടെ ലഭ്യമാകുന്ന സാമൂഹിക നീതിയും അവസര സമത്വവും തടയുക എന്ന ലക്ഷ്യവും അതിനുണ്ടായിരുന്നു. മണ്ഡല്‍ പ്രക്ഷോഭം ബി ജെ പിക്ക് വലിയ വളര്‍ച്ച നല്‍കി എന്നത് വ്യക്തവുമാണ്. ഇന്ത്യന്‍ മനസ്സിനെ വര്‍ഗീയമായി വിഭജിക്കാന്‍ മണ്ഡല്‍ കാലത്ത് സംഘ്പരിവാരം ശ്രമിക്കുകയും ഒരളവോളം അതില്‍ വിജയിക്കുകയും ചെയ്തു. അതിന്റെ പ്രതിഫലനമാണ് തുടര്‍ന്ന് ബി ജെ പിക്കുണ്ടായ വളര്‍ച്ച. മണ്ഡല്‍ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസിന് അനുകൂല നിലപാട് ആയിരുന്നെങ്കിലും ബി ജെ പിക്കൊപ്പം ഓടിയെത്താന്‍ കഴിഞ്ഞില്ല! മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം വേണ്ടത്ര അവധാനതയോടെ ആയിരുന്നില്ല എന്ന വിമര്‍ശം അക്കാലത്ത് ഇടത് പക്ഷവും പങ്കുവെച്ചിരുന്നു.
മണ്ഡല്‍ പ്രക്ഷോഭ കാലത്ത് മുന്നാക്ക ജാതിക്കാര്‍ ഉയര്‍ത്തിയ “ഞങ്ങള്‍ക്കും വേണം സംവരണം” എന്ന മുദ്രാവാക്യത്തിന് സാക്ഷാത്കാരം നല്‍കണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമായിരുന്നു.

ഇന്ദിരാ സാഹ്നി എന്ന അഭിഭാഷക ഒ ബി സി സംവരണത്തിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ വാദം കേട്ട ഭരണഘടനാ ബഞ്ച് ആകെ സംവരണം 50 ശതമാനത്തില്‍ കൂടരുത് എന്ന് വിധിച്ചിരുന്നു. നിലവില്‍ പട്ടികജാതി വിഭാഗത്തിന് ഏഴ് ശതമാനവും പട്ടിക വര്‍ഗത്തിന് 15 ശതമാനവും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഒ ബി സി) 27 ശതമാനവുമാണ് സംവരണനില. കേരളത്തില്‍ ഒ ബി സി പട്ടികയില്‍ 85ലേറെ സമുദായങ്ങളുണ്ട്. (ഒ ബി സി = മുസ്‌ലിം എന്ന തെറ്റിദ്ധാരണ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്). 50 ശതമാനം സംവരണം എന്ന സുപ്രീം കോടതി പരിധി മറികടക്കുന്നതിനാണ് മോദി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. മൂന്നിനെതിരെ 323 വോട്ടിനാണ് ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കിയത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇടത് കക്ഷികളും ബില്ലിനെ പിന്തുണച്ചപ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്തത് മുസ്‌ലിം ലീഗിന്റെ രണ്ട് എം പിമാരും അസദുദ്ദീന്‍ ഉവൈസിയും മാത്രമാണ്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചതിനു തൊട്ടുപിറകെ കേരളത്തില്‍ പട്ടികജാതി – പട്ടികവകുപ്പ് മന്ത്രിയായ എ കെ ബാലന്‍ അതിനെ സ്വാഗതം ചെയ്ത് രംഗത്തുവന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തീരുമാനത്തിനു പിന്തുണയേകി. മുതിര്‍ന്ന സി പി എം നേതാവ് വി എസ് അച്യുതാനന്ദന്‍ സാമ്പത്തിക സംവരണത്തെ ബി ജെ പിയുടെ തട്ടിപ്പാണെന്ന് വിമര്‍ശിക്കാന്‍ ധൈര്യം കാട്ടി.

2019 ജനുവരി എട്ടിന് ലോക്‌സഭയും പിറ്റേന്ന് രാജ്യസഭയും ഭരണഘടനാ ഭേദഗതി പാസ്സാക്കി. ജനുവരി 12ന് ഗസറ്റ് വിജ്ഞാപനം പുറത്തുവന്നു. കേന്ദ്ര നിയമം വരുന്നതിനു മുമ്പേ ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയ പിണറായി സര്‍ക്കാര്‍ വലിയ കൂടിയാലോചനകള്‍ക്കൊന്നും മിനക്കെടാതെ വിദ്യാഭ്യാസ മേഖലയില്‍ സവര്‍ണ സംവരണം പ്രഖ്യാപിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ ജോലികളിലും പത്ത് ശതമാനം സവര്‍ണ സംവരണം നിശ്ചയിച്ച് ഉത്തരവായിരിക്കുന്നു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പ്രകടമാകാത്ത തിടുക്കവും വേഗവുമാണ് സവര്‍ണ സംവരണ വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കാട്ടിയത്.

മുന്നാക്ക സംവരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഭീകരമായ അട്ടിമറി പരിശോധിക്കുന്നതിന് മുമ്പ് കാലങ്ങളായി തുടര്‍ന്നുവരുന്ന ഒരു അനീതി തുറന്നു കാട്ടേണ്ടതുണ്ട്. 50 ശതമാനം ജനറല്‍ സീറ്റ്, 50 ശതമാനം സംവരണ സീറ്റ് എന്നതാണല്ലോ മുന്നാക്ക സംവരണം നടപ്പാക്കുന്നതിന് മുമ്പുള്ള നില. ജനറല്‍ സീറ്റ് എന്നാല്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാ വിഭാഗക്കാര്‍ക്കും ജനറല്‍ സീറ്റിന് അര്‍ഹതയുണ്ട്. അഥവാ സംവരണ സമുദായക്കാര്‍ക്കും സംവരണ സമുദായത്തില്‍ ഉള്‍പ്പെടാത്തവര്‍ക്കും അവകാശപ്പെട്ടതാണ് ജനറല്‍ കാറ്റഗറിയിലെ 50 ശതമാനം സീറ്റുകള്‍. ചിലര്‍ കരുതുന്നത് പോലെ ജനറല്‍ എന്നാല്‍ സംവരണ സമുദായങ്ങളില്‍ പെടാത്തവര്‍ക്ക് മാത്രം അവകാശപ്പെട്ട സീറ്റുകള്‍ എന്നല്ല. ജനറല്‍ കാറ്റഗറിയില്‍ മാര്‍ക്കാണ് മാനദണ്ഡം. ജാതിയോ സമുദായമോ അല്ല. ഉയര്‍ന്ന മാര്‍ക്ക് നേടിയ സംവരണ സമുദായത്തില്‍പ്പെട്ട ഒരു ഉദ്യോഗാര്‍ഥിക്ക് തീര്‍ച്ചയായും ജനറല്‍ വിഭാഗത്തില്‍ നിയമനത്തിന് അര്‍ഹതയുണ്ട്. പക്ഷേ, കാലങ്ങളായി സംഭവിക്കുന്നത്, മികവിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ സീറ്റില്‍ കയറിപ്പറ്റാന്‍ യോഗ്യത ഒരാള്‍ക്ക് ഉണ്ടെന്നിരിക്കട്ടെ, അയാള്‍ക്ക് ജനറല്‍ കാറ്റഗറിയില്‍ നിയമനം നല്‍കാതെ സംവരണ ക്വാട്ടയില്‍ നിയമിക്കും. പകരം സംവരണേതര വിഭാഗത്തില്‍ നിന്നുള്ളവരെ (മാര്‍ക്ക് കുറഞ്ഞാലും) ജനറല്‍ വിഭാഗത്തിലേക്ക് പരിഗണിക്കും. ഫലമോ? സംവരണ സമുദായത്തില്‍പ്പെട്ട ഒരു ഉദ്യോഗാര്‍ഥിക്ക് അവസരം നഷ്ടമാകും. അഥവാ രണ്ട് പേര്‍ക്ക് (ഒരാള്‍ ജനറലിലും മറ്റെയാള്‍ സംവരണത്തിലും) അവസരം കിട്ടേണ്ടിടത്ത് ഒരാള്‍ക്ക് (അര്‍ഹതയുണ്ടായിട്ടും ജനറലില്‍ നിന്ന് സംവരണത്തിലേക്ക് തട്ടപ്പെട്ടയാള്‍) മാത്രം നിയമനം കിട്ടുന്നു. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പിന്തള്ളപ്പെട്ടതിന് ഇത്തരം കള്ളച്ചൂതുകളും കാരണമായിട്ടുണ്ട്.

ജനറല്‍ സീറ്റിലെ പത്ത് ശതമാനം മുന്നാക്കക്കാര്‍ക്ക് വീതിച്ചതിന് എന്തിനിത്ര ദണ്ണം എന്ന, പ്രത്യക്ഷത്തില്‍ നിഷ്‌കളങ്കം എന്ന് തോന്നുന്ന ചോദ്യം ഉയരുന്നുണ്ട്. മൂന്ന് ഉത്തരങ്ങളുണ്ട് ആ ചോദ്യത്തിന്.
ഒന്ന് – സംവരണം ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ല. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ആ പിന്നാക്കാവസ്ഥക്ക് ഭരണകൂടവും ജാതി മേധാവിത്വവും ഉത്തരവാദികളാണ്) തുല്യ അവസരം ഉറപ്പാക്കാനുള്ള ഒരു ദൗത്യത്തെ സാമ്പത്തിക പദ്ധതിയായി ചുരുക്കിക്കാണുന്നതിലെ അപകടം വളരെ വലുതാണ്.
രണ്ട് – ജനറല്‍ കാറ്റഗറി എന്നാല്‍ സംവരണേതര വിഭാഗത്തിന്റെ കുത്തക സീറ്റുകള്‍ അല്ല.

മൂന്ന് – സര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍പ്പെടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തെ കുറിച്ച് കാര്യമായ പഠനം നടത്താതെയാണ് മുന്നാക്ക സംവരണം കൊണ്ടുവന്നത്. സവര്‍ണ വിഭാഗത്തിന്റെ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം അവരുടെ ജനസംഖ്യാ ശതമാനത്തിന് മുകളിലാണ്. അതിനു പുറമെയാണ് സംവരണം.
സംസ്ഥാനത്തെ ജനസംഖ്യയില്‍ മുന്നാക്ക വിഭാഗങ്ങള്‍ ഏതാണ്ട് 20 ശതമാനമാണ്. അവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ആറോ ഏഴോ ശതമാനമാണ്. അവര്‍ക്ക് വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലികളിലും പത്ത് ശതമാനമാണ് സംവരണം. ജനസംഖ്യയില്‍ 27 ശതമാനമുള്ള ഈഴവ വിഭാഗത്തിന് പരമാവധി 14 ശതമാനമാണ് സംവരണം. 26 ശതമാനമുള്ള മുസ്‌ലിംകള്‍ക്ക് അങ്ങേയറ്റം കിട്ടുന്നത് 12 ശതമാനം സംവരണമാണ്.
ജനറല്‍ സീറ്റിലെ പത്ത് ശതമാനം മുന്നാക്ക സംവരണത്തിനു വേണ്ടി നീക്കിവെക്കുന്നു എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ചെയ്തതോ, ആകെ സീറ്റുകളില്‍ പത്ത് ശതമാനം മുന്നാക്ക സംവരണത്തിനായി മാറ്റിവെച്ചു. ചില സന്ദര്‍ഭങ്ങളില്‍ അത് പത്ത് ശതമാനത്തിനു മുകളിലേക്ക് പോയി. റാങ്കിംഗില്‍ ഏറെ പിന്നിലുള്ള മുന്നാക്കക്കാര്‍ക്കും സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലടക്കം പ്രവേശനം കിട്ടുന്ന നിലയുണ്ടായി.
ഉദാഹരണം പരിശോധിക്കാം. സംസ്ഥാനത്ത് ആകെ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ 1,62,815 ആണ്. 10 ശതമാനമാണ് പരിധി എങ്കില്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യേണ്ടത് 16,281 സീറ്റുകളാണ്. നീക്കിവെച്ചതാകട്ടെ 16,711 സീറ്റുകള്‍. അഥവാ അര്‍ഹതപ്പെട്ടതിനേക്കാള്‍ 430 അധികം സീറ്റുകള്‍. എന്താണ് ഈ ഉദാരതയുടെ മാനദണ്ഡം? കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടില്ല. സ്‌കൂള്‍ തലത്തില്‍ സംവരണം പരിഗണിച്ചത് കൊണ്ടാണ് എന്നൊരു മറുപടിയുണ്ട്. അങ്ങനെയാണെന്ന് വന്നാലും 10 ശതമാനത്തിന് മുകളിലേക്ക് പോകുന്നത് ഭരണഘടനാ വിരുദ്ധമാകില്ലേ എന്ന ചോദ്യം അപ്പോഴും ബാക്കിയാകുന്നു. ഹയര്‍ സെക്കന്‍ഡറിയില്‍ മുന്നാക്കക്കാര്‍ക്ക് നീക്കിവെച്ച സീറ്റുകളിലേക്ക് അത്രയുമെണ്ണം അപേക്ഷാര്‍ഥികള്‍ ഇല്ലാത്ത അവസ്ഥയുമുണ്ടായി. അതേസമയം, ഹയര്‍ സെക്കന്‍ഡറിയില്‍ മറ്റു രണ്ട് സമുദായങ്ങള്‍ക്ക് കിട്ടിയ സംവരണസീറ്റുകളുടെ എണ്ണം നോക്കുക.

ഈഴവര്‍ – 13,002, മുസ്‌ലിം – 11,313.
ഇനി എം ബി ബി എസ് പ്രവേശനത്തിന്റെ അവസ്ഥയെടുക്കുക. 1,555 സീറ്റുകളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലുള്ളത്. അതില്‍ അഖിലേന്ത്യാ ക്വാട്ടയും മറ്റുമൊക്കെ മാറ്റിവെച്ചാല്‍ സംവരണത്തിന് നീക്കി വെക്കാനുണ്ടാകുക 1,052 സീറ്റുകളാണ്. ഇതില്‍ ഈഴവ വിഭാഗത്തിന് 94 സീറ്റ് കിട്ടി, അഥവാ ഒമ്പത് ശതമാനം. മുസ്‌ലിംകള്‍ക്ക് 84 സീറ്റ് (എട്ട് ശതമാനം). മുന്നാക്കക്കാര്‍ക്ക് കിട്ടിയതോ 130 സീറ്റുകള്‍. അതായത് 12.35 ശതമാനം. ഇതെന്തു മായയാണ്? എന്തൊരു അട്ടിമറിയാണ്?
എന്താണ് ഇക്കാര്യത്തില്‍ സംഭവിച്ചത് എന്നല്ലേ? മുന്നാക്ക സംവരണം നടപ്പാക്കുന്നതിനു വേണ്ടി സൂപ്പര്‍ ന്യുമറി സീറ്റായി കേന്ദ്രം 155 സീറ്റുകള്‍ അനുവദിച്ചു. അതില്‍ അഖിലേന്ത്യാ ക്വാട്ട കഴിച്ച് ശേഷിച്ച 130 സീറ്റുകളും മുന്നാക്ക വിഭാഗത്തിന് സമ്മാനിച്ചു! അതിനിടയില്‍ ശതമാനമൊക്കെ നോക്കാന്‍ ആര്‍ക്കുണ്ട് നേരം? മുന്നാക്ക വിഭാഗം രക്ഷപ്പെട്ടു കണ്ടാല്‍ മതി. അതിനു വേണ്ടി പന്ത്രണ്ടല്ല, പതിനഞ്ച് ശതമാനം വേണമെങ്കിലും നീക്കി വെക്കും കേരള സര്‍ക്കാര്‍! ഈ അനീതി ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവരെ വര്‍ഗീയ വാദികളായി ചാപ്പയടിക്കുകയും ചെയ്യും.