ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ; എന്‍ ഡി എക്കുള്ളില്‍ ആശയക്കുഴപ്പം

Posted on: October 27, 2020 7:35 am | Last updated: October 27, 2020 at 10:19 am

പാറ്റ്‌ന |  ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് നാളെ നടക്കും. കൂടുതല്‍ എന്‍ ഡി എ ശക്തികേന്ദ്രങ്ങളടങ്ങിയ 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. എന്നാല്‍ പോളിംഗ് ദിവസം എത്തിയിട്ടും എന്‍ ഡി എക്കുള്ളില്‍ പ്രശ്‌നങ്ങള്‍ തുടരുകയാണ്. ജെ ഡി യു, ബി ജെ പി കക്ഷികള്‍ പരസ്പരം പാലം വലിക്കുമോയെന്ന ആശങ്ക ശക്തമാണ്. നേരത്തെ എന്‍ ഡി എയിലുണ്ടായിരുന്ന ചിരാഗ് പാസ്വാന്‍ നിതീഷ് കുമാറിന്റെ ജെ ഡി യുവിനെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് പ്രചാരണം നയിച്ചത്. ബി ജെ പിയുടെ ചില നേതാക്കളുടെ രഹസ്യ പിന്തുണ ചിരാഗിനുണ്ടെന്ന് ജെ ഡി യുവിലെ ഒരു വിഭാഗം കണക്ക് കൂട്ടുന്നു.

എന്‍ ഡി എ മുന്നണിക്കുള്ളില്‍ പരസ്പരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ ആര്‍ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം കൂടുതല്‍ കരുത്തോടെ പ്രചാരണ രംഗത്തുണ്ട്. എന്നാല്‍ അഭിപ്രായ സര്‍വ്വേകളെല്ലാം എന്‍ ഡി എക്ക് തന്നെയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വ്വേയില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ബി ജെ പിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. എന്നാല്‍ ഇതിനെ സഖ്യകക്ഷിയായ ജനതാദള്‍ യു തള്ളുന്നു. അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണിതെന്നാണ് ജെ ഡി യു നേതൃത്വം പറയുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നിതീഷ് എന്‍ ഡി എ വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നും ജെ ഡി യു പറയുന്നു.

നിതീഷ് കുമാര്‍ വീണ്ടും ആര്‍ ജെ ഡിയുമായി കൈകോര്‍ക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ സര്‍വ്വെ ഫലങ്ങള്‍. പ്രതിപക്ഷത്തോടൊപ്പം ബി ജെ പി വോട്ടുകള്‍ കിട്ടാന്‍ ചിരാഗ് പാസ്വാനും ഈ പ്രചാരണത്തിനു പിന്നിലുണ്ടെന്ന് ജെ ഡി യു കരുതുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിതീഷിന്റെ അതൃപ്തി മാറ്റാനുള്ള തിരക്കിട്ട നീക്കത്തിലാണ് ബി ജെ പി. നാളെ പറ്റ്‌നയില്‍ എന്‍ ഡി എ സംയുക്ത റാലിയില്‍ പ്രധാനമന്ത്രിയും നിതീഷ് കുമാറും പങ്കെടുക്കും.