ഹത്രാസ് അന്വേഷണം; സുപ്രീം കോടതി വിധി ഇന്ന്

Posted on: October 27, 2020 6:55 am | Last updated: October 27, 2020 at 10:18 am

ന്യൂഡല്‍ഹി|  ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സി ബി ഐയോ, എസ് ഐ ടിയോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ബലാത്സംഗക്കൊലക്കേസില്‍ അലഹാബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കട്ടേയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ നോക്കാമെന്നും കേസ് വിധിപറയാന്‍ മാറ്റിക്കൊണ്ട് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ ഡല്‍ഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന് ഉന്നാവോ കേസിലേതുപോലെ സി ആര്‍ പി എഫിന്റെ സംരക്ഷണം വേണമെന്നും ആവശ്യമുയര്‍ന്നു. സുരക്ഷ നല്‍കുന്നത് ആരായാലും വിരോധമില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് സി ബി ഐക്ക് കൈമാറിയിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.