യു പിയില്‍ പശുകശാപ്പ് നിയമത്തിന്റെ ദുരുപയോഗം വ്യാപകം; കണ്ടെത്തുന്ന മാംസമെല്ലാം പശുവിന്റെതായി ചിത്രീകരിക്കുന്നുവെന്നും അലഹബാദ് ഹൈക്കോടതി

Posted on: October 26, 2020 3:14 pm | Last updated: October 26, 2020 at 5:42 pm

അലഹബാദ് | ഉത്തര്‍ പ്രദേശ് പശു കശാപ്പ് തടയല്‍ നിയമം (1955) വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും നിരപരാധികള്‍ക്കെതിരെ ഉപയോഗിക്കുന്നതായും അലഹബാദ് ഹൈക്കടോതി. ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട് ഹൈക്കടോതി. നിയമത്തിന്റെ മൂന്ന്, അഞ്ച്, എട്ട് വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീന്‍ എന്നയാളുടെ ജാമ്യാപേക്ഷ കേള്‍ക്കുമ്പോഴാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി സിദ്ധാര്‍ഥിന്റെ നിരീക്ഷണം.

അധികൃതര്‍ മാംസം കണ്ടെടുക്കുമ്പോഴെല്ലാം ഫോറന്‍സിക് ലാബില്‍ പരിശോധിക്കാതെ പശു മാംസമായി ചിത്രീകരിക്കുന്നു. അധിക കേസുകളിലും മാംസം പരിശോധനക്ക് അയക്കുന്നില്ല. ആരോപിതര്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയുകയാണെന്നും ജസ്റ്റിസ് സിദ്ധാര്‍ഥ് നിരീക്ഷിച്ചു.

എഫ് ഐ ആറില്‍ ആരോപണമില്ലെങ്കിലും ഒരു മാസത്തിലേറെയായി ജയിലിലാണ് റഹ്മുദ്ദീന്‍. മാത്രമല്ല, മാംസം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുമില്ല. ഇദ്ദേഹത്തിന് വിവിധ വ്യവസ്ഥകള്‍ പ്രകാരം ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.