സലാഹുദ്ദീന്‍ വധം: നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Posted on: October 25, 2020 4:07 pm | Last updated: October 25, 2020 at 4:07 pm

കണ്ണൂര്‍ | കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കണ്ണവത്തെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ വെട്ടിക്കൊന്ന കേസില്‍ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. മൊകേരി സ്വദേശി യാദവ്, ചെണ്ടയാട് സ്വദേശി മിഥുന്‍, കോളയാട് സ്വദേശി രാഹുല്‍, കണ്ണോത്ത് സ്വദേശി അശ്വിന്‍ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണവം സി ഐയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. തൊക്കിക്കൊടി പാലാഴി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇനി ഒരാള്‍ കൂടിയാണ് പിടിയിലാകാനുള്ളത്.

കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് സലാഹുദ്ദീനെ കാറില്‍ യാത്ര ചെയ്യവെ മനഃപൂര്‍വം അപകടം സൃഷ്ടിച്ച ശേഷം കാറില്‍ നിന്ന് ഇറക്കി വെട്ടിക്കൊലപ്പെടുത്തിയത്. തല്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ചുതന്നെ സലാഹുദ്ദീന്‍ മരിച്ചു.