ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം

Posted on: October 25, 2020 3:32 pm | Last updated: October 25, 2020 at 6:07 pm

കോട്ടയം |  ചങ്ങനാശ്ശേരി വലിയകുളത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചങ്ങനാശേരി കുട്ടമ്പേരൂര്‍ സ്വദേശിയും എറണാകുളം രാജഗിരി കോളേജിലെ ബി കോം വിദ്യാര്‍ഥിയുമായ ജെറിന്‍ ജോണി (19), മലകുന്നം സ്വദേശി വര്‍ഗീസ് മത്തായി (ജോസ്-69), ഇദ്ദേഹത്തിന്റെ മരുമകനും വാഴപ്പള്ളി സ്വദേശിയുമായ ജിന്റോ ജോസ് (37) എന്നിവരാണ് മരിച്ചത്. ജെറിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച വാഴപ്പള്ളി സ്വദേശി കെവിന്‍ ഫ്രാന്‍സിസി(19)നെയാണ് ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി പത്തരയോടെയയിരുന്നു അപകടം. പരുക്കേറ്റവരെ എല്ലാവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ ജെറിന്‍ മരിച്ചു. പുലര്‍ച്ചെ നാലരക്കും അഞ്ചരക്കുമായി മറ്റ് രണ്ട് പേരും മരിക്കുകയായിരുന്നു. തെങ്ങണ ഭാഗത്തുനിന്നു സ്‌കൂട്ടറില്‍ വരികയായിരുന്നു ജിന്റോയും ജോസ് വര്‍ഗീസും. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കെവിനും ജെറിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കും സ്‌കൂട്ടറും പൂര്‍ണമായും തകര്‍ന്നിരുന്നു.