Connect with us

National

മധ്യപ്രദേശിലെ ഒരു കോണ്‍ഗ്രസ് എം എല്‍ എ കൂടി ബി ജെ പിയില്‍ ചേര്‍ന്നു

Published

|

Last Updated

ഭോപ്പാല്‍ |  28 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു കോണ്‍ഗ്രസ് എം എല്‍ എകൂടി ബി ജെ പിയില്‍ ചേര്‍ന്നു. ദാമോയില്‍ നിന്നുള്ള നിയമസഭാംഗമായ രാഹുല്‍ സിംഗാണ് ആക്ടിംഗ് സ്പീക്കര്‍ രാമേശ്വര്‍ ശര്‍മക്ക് രാജി നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തില്‍ ബി ജെ പി അംഗത്തമെടുക്കുകയായിരുന്നു.

14 മാസത്തോളം ഞാന്‍ കോണ്‍ഗ്രസുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ എനിക്ക് വികസനത്തിനായി പ്രവര്‍ത്തിക്കാനായില്ല. എല്ലാ പൊതുക്ഷേമ പദ്ധതികളും ദാമോയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ന് ഞാന്‍ പൂര്‍ണ മനസോടെ ബി ജെ പിയില്‍ ചേര്‍ന്നു. ഇനി ദാമോ വലിയ ഉയരങ്ങളില്‍ എത്തുമെന്ന് ഉറപ്പുണ്ടെന്ന് രാഹുല്‍ സിംഗ് പ്രതികരിച്ചു.
ഇതോടെ 230 അംഗ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ശക്തി 87 ആയി കുറഞ്ഞു. ജൂലൈയില്‍ കോണ്‍ഗ്രസ് നിയമസഭാംഗങ്ങളായ മന്ധതയില്‍ നിന്നുള്ള നാരായണ്‍ പട്ടേല്‍, ബഡാ മല്‍ഹേരയില്‍ നിന്നുള്ള പ്രദ്യും സിംഗ് ലോധി, നേപ്പാനഗറില്‍ നിന്നുള്ള സുമിത്രദേവി കാസ്ദേക്കര്‍ എന്നിവരും സംസ്ഥാന നിയമസഭയില്‍ നിന്ന് രാജിവെക്കുകയും ഭരണകക്ഷിയായ ബി ജെ പിയില്‍ ചേരുകയും ചെയ്തു. ഈ വര്‍ഷം മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരായ 22 വിമത കോണ്‍ഗ്രസ് എം എല്‍ എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ നിലംപതിക്കുകയായിരുന്നു. ഇവരുടെ ഒഴിവ് വരുന്ന മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

 

 

Latest