Connect with us

National

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ല: കേന്ദ്ര നിയമമന്ത്രി

Published

|

Last Updated

ശ്രീനഗര്‍ | ഭരണഘടനയുടെ 370-ാം അനുച്ഛേദപ്രകാരം ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് നിയമമന്ത്രി രവിശങ്കര്‍ പസാദ്. ദേശീയ പതാകക്ക് പകരം സംസ്ഥാന പതാക തിരികെ കൊണ്ടുവരുമെന്ന മെഹബൂബ മുഫ്തിയുടെ പരാമര്‍ശം ദേശീയ പതാകയെ അധിക്ഷേപിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ ഭരണഘടനാ പ്രക്രിയയിലൂടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തിട്ടുണ്ടെന്നും പാര്‍ലമെന്റിന്റെ ഇരുസഭകളും അത് വന്‍ഭൂരിപക്ഷത്തോടെ പാസ്സാക്കിയിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ദേശീയ പതാകയോടെ മെഹബൂബ മുഫ്തി അനാദരവ് കാണിച്ചിട്ടും അതിനെ എതിര്‍ക്കാന്‍ തയ്യാറാകാത്ത മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ പ്രസാദ് വിമര്‍ശിച്ചു. ഇത് കാപട്യവും ഇരട്ടത്താപ്പും ആണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 ന് വരുത്തിയ ഭരണഘടനാ ഭേദഗതികള്‍ പിന്‍വലിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ദേശീയ പതാക പിടിക്കുകയോ ചെയ്യില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞിരുന്നു.

വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ലയുമായും സജ്ജാദ് ലോണുമായും ചേര്‍ന്ന് കാശ്മീരിന്റെ പ്രത്യേക പദവിക്കായി വിശാല രാഷ്ട്രീയ സഖ്യത്തിന് രൂപം നല്‍കിയിരുന്നു.