മാപ്പ് പറയേണ്ടത് യാസർ എടപ്പാൾ മാത്രമല്ല, വി ടി ബൽറാം കൂടിയാണ്; രൂക്ഷ വിമർശനവുമായി കെ ആർ മീര

Posted on: October 24, 2020 1:00 pm | Last updated: October 24, 2020 at 1:16 pm

മന്ത്രി കെ ടി ജലീലിന്റെ ഫോൺ ഹാക്ക് ചെയ്യുകയും സോഷ്യൽ മീഡിയയിൽ അശ്ലീല പദപ്രയോ​ഗം നടത്തുകയും  ചെയ്ത എടപ്പാൾ സ്വദേശി യാസർ അറഫാത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ വാർത്തകളിൽ നിറയുന്നതിനിടെ തൃത്താല എം എൽ എ. വി ടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യകാരി കെ ആർ മീര.

ചാനൽ ചർച്ചയിൽ യാസർ എടപ്പാൾ ഫേസ്‌ബുക്കിൽ  എഴുതിയ അശ്ലീലം നിറഞ്ഞ കമന്റ് സി പി എം പ്രതിനിധി വായിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ടാണ് കെ ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വതന്ത്ര പത്രപ്രവര്‍ത്തകയായ സുനിത ദേവദാസിനെതിരെയുള്ള യാസിറിന്റെ കമന്റ് സി പി എം പ്രതിനിധി വായിച്ചതിന് ചാനൽ അവതാരകൻ ക്ഷമാപണവുമായി എത്തിയത് ചർച്ചയായിരുന്നു. സുനിത ദേവദാസിനു ഇത്തരത്തിൽ അശ്ലീലം കേള്‍ക്കേണ്ടി വന്നത് തന്നെ അനുകൂലിച്ച് ഒരു പോസ്റ്റ് ഇട്ടതു കൊണ്ടാണെന്നും ഇതിനു മാപ്പു പറയേണ്ടത് യാസിർ മാത്രമല്ലെന്നും തൃത്താല എം എൽ എ കൂടിയാണെന്നും കെ ആർ മീര പറഞ്ഞു.

തനിക്കു നേരെ സൈബര്‍ അബ്യൂസ് അഴിച്ചു വിടാന്‍ തൃത്താല എം എല്‍ എ അണികളോട് ആഹ്വാനം ചെയ്തപ്പോഴാണ് സുനിത തന്നെ അനുകൂലിച്ച് പോസ്റ്റെഴുതിയത്. ആ പോസ്റ്റിനു താഴെയാണ് യാസിര്‍ എടപ്പാള്‍ സുനിതയെ കുറിച്ച് അറപ്പ് ഉളവാക്കുന്ന അശ്ലീലം എഴുതിയത്. വി ടി ബൽറാമിൽ നിന്നും  ക്ഷമാപണം പ്രതീക്ഷിക്കുന്നതു വിഡ്ഢിത്തമാണെന്നും അതുകൊണ്ട്, സുനിതയോടു താൻ ക്ഷമ ചോദിക്കുന്നു എന്നുമാണ് മീരയുടെ എഫ് ബി പോസ്റ്റ്. ‘അക്ഷരം തെറ്റരുത്’ എന്ന് എം എല്‍ എ അണികളോട് ആഹ്വാനം ചെയ്തത് അതേപടി യാസിര്‍ എടപ്പാളിന്‍റെ കമന്‍റില്‍ വായിക്കാമെന്നും മീര വിമർശനമുന്നയിച്ചു.

ഗവണ്‍മെന്‍റിനെ ആക്രമിക്കാന്‍ കിട്ടിയ അവസരമായതിനാല്‍ യാസിര്‍ എടപ്പാളിനെ പത്രങ്ങളും ചാനലുകളും കോണ്‍ഗ്രസും ബി ജെ പിയും ഏറ്റെടുത്തു. ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ പങ്കെടുത്ത സി പി എം. പ്രതിനിധി അതില്‍ ഒരു വരിയേ വായിച്ചുള്ളൂ. പക്ഷേ, വാര്‍ത്താവതാരകന് അത് ആഘാതമായെന്നും അശ്ലീലം നിറഞ്ഞ കമന്‍റുകള്‍ വായിക്കാന്‍ തയ്യാറായ സി പി എം പ്രതിനിധിയുടെ മാന്യതയില്ലായ്മയാണ് അതെഴുതിയ യാസിര്‍ എടപ്പാളിന്‍റെ സാന്നിധ്യത്തേക്കാള്‍ അവതാരകനെ അലട്ടിയതെന്നും അതുകൊണ്ടാണ് അദ്ദേഹം പിറ്റേന്ന് അതു സംബന്ധിച്ചു പ്രേക്ഷകരോടു മാപ്പു ചോദിച്ചതെന്നും കെ ആർ മീര പോസ്റ്റിൽ പറയുന്നു.

അശ്ലീലം നിറഞ്ഞ കമന്‍റുകള്‍ വായിച്ച പാർട്ടി പ്രതിനിധിയുടെ മാന്യതയില്ലായ്മയാണോ അതെഴുതിയ യാസിര്‍ എടപ്പാളിനെ  വിളിച്ചു വരുത്തിയതിനെക്കാൾ അവതാരകനെ അലട്ടിയതെന്ന് മീര ചോദിച്ചു. ചാനലും അവതാരകനും ആ തെറി വിളിയുടെ ഒപ്പമാണു നിന്നതെന്നും അവതാരകന്‍റെ മാപ്പ് ചോദിക്കൽ കാപട്യമാണെന്നും മീര ചൂണ്ടിക്കാണിക്കുന്നു.

ഗാന്ധിജിയുടെ വധം പുനരാവിഷ്കരിച്ചതിനെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരക്ഷരം പോലും മിണ്ടാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ചു കെ ആർ മീര എഴുതിയ പോസ്റ്റും വി ടി  ബൽറാം എം എൽ എയുടെ മറുപടിയും മുമ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: