കുടിവെള്ളം പാഴാക്കിയാല്‍ കനത്ത പിഴ; പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു

Posted on: October 24, 2020 6:19 am | Last updated: October 24, 2020 at 9:29 am

ന്യൂഡല്‍ഹി | രാജ്യത്ത് ഭൂഗര്‍ഭ ജലസംരക്ഷണത്തിന് നിയമം കൊണ്ടുവരുന്നു. കുടിവെള്ളവും ഭൂഗര്‍ഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതല്‍ ശിക്ഷാര്‍ഹമായ കുറ്റം. നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാന്‍തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ജല്‍ശക്തി വകുപ്പിനു കീഴിലുള്ള സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി(സി ജി ഡബ്ല്യൂ എ ) വിജ്ഞാപനം പുറപ്പെടുവിച്ചു.

ഭൂഗര്‍ഭ ജലം പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാക്കണം എന്ന് ആവശ്യപ്പെട്ട് രാജേന്ദ്ര ത്യാഗി എന്നയാള്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. വിഷയത്തില്‍ 2019 ഒക്ടോബര്‍ അഞ്ചിന് ട്രിബ്യൂണല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സി ജി ഡബ്ല്യൂ എയുടെ വിജ്ഞാപനം വന്നിരിക്കുന്നത്.

ഭൂഗര്‍ഭജലത്തില്‍നിന്ന് എടുക്കുന്ന കുടിവെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജല്‍ ബോര്‍ഡ്, ജല്‍ നിഗം, മുനിസിപ്പല്‍ കോര്‍പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സില്‍, പഞ്ചായത്ത് തുടങ്ങി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ജലവിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

രാജ്യത്തെ ഒരാളും ഭൂഗര്‍ഭജലത്തില്‍നിന്ന് ശേഖരിക്കുന്ന കുടിവെള്ളം ദുരുപയോഗം ചെയ്യുകയോ പാഴാക്കുകയോ ചെയ്യരുതെന്നും ഒക്ടോബര്‍ എട്ടിന് ഇറങ്ങിയ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. വിജ്ഞാപനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഒരുലക്ഷം രൂപയും അഞ്ചുലക്ഷം രൂപ പിഴയും ലഭിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലില്‍ രാജേന്ദ്ര ത്യാഗിയെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ ആകാശ് വസിഷ്ഠയെ ഉദ്ധരിച്ച് ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ നിയമലംഘനം ഉണ്ടാകുന്ന പക്ഷം പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം അധിക ഫൈന്‍ അടയ്ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.