Connect with us

Articles

ഹാഥ്‌റസിലെ ആ ചിതയണയരുത്‌

Published

|

Last Updated

ഹാഥ്‌റസിലെ ഭൂല്‍ഖര്‍ഹി ഗ്രാമത്തിലെ ഭൂരഹിത വാത്മീകി സമുദായാംഗമായിരുന്ന പത്തൊമ്പതുകാരിയെ നാല് നരാധമര്‍ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയതിനൊടുവില്‍ ശരീരത്തില്‍ ഗുരുതര മുറിവുകളോടെ, നാവ് മുറിച്ചെടുത്തതും നട്ടെല്ല് തകര്‍ന്നതുമായ നഗ്ന ശരീരം ദൃഷ്ടിയിലെത്തുന്ന ആ മാതാവിന്റെ മുഖം ഭാവനയിലെത്തട്ടെ. മനുഷ്യപ്പറ്റിന്റെ കണികാംശം അവശേഷിക്കുന്നവര്‍ ആരും നടുങ്ങിപ്പോകും. എന്നാല്‍, ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ മുറിച്ചെടുത്ത നാവ് രാജ്യത്തെ അമാനവികമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ തീരുമാനിച്ചുറപ്പിച്ച ചെയ്തിയാണെന്ന ബോധമണ്ഡലത്തിലേക്ക് പൊതുബോധം എത്തുന്ന കാലം അടുത്തല്ല.

ദളിത് ജന്മം പോലും തെറ്റാണെന്നാണ് രാജ്യത്ത് വേരുറപ്പിച്ച സംഘ്പരിവാര്‍ രാഷ്ട്രീയം നാള്‍ക്കുനാള്‍ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. അന്തസ്സുറ്റ ജീവിതം പോലെ തന്നെ മാന്യമായ മരണാനന്തര ശേഷക്രിയകളും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ മരണാനന്തര കര്‍മങ്ങളുമായി ബന്ധപ്പെട്ട് ഇക്കാര്യം ഈയിടെ മാത്രം ഓര്‍മിപ്പിച്ചത് രാജ്യത്തെ മൂന്ന് ഹൈക്കോടതികളാണ്. ബോംബെ, മദ്രാസ്, കല്‍കത്ത ഹൈക്കോടതികള്‍ മതാചാര പ്രകാരം മൃതദേഹം ഖബറടക്കം ചെയ്യപ്പെടണമെന്ന് 21, 25 ഭരണഘടനാനുഛേദങ്ങള്‍ ചൂണ്ടിക്കാട്ടി വ്യത്യസ്ത നിയമ വ്യവഹാരങ്ങളില്‍ വിധി നടത്തുകയുണ്ടായി.

മരണം ജീവിതത്തിന്റെ വിപരീതമല്ല. മറിച്ച് ജീവിതത്തിന്റെ തന്നെ ഭാഗമാണ് എന്നതാണ് മരണാനന്തരവും തുടരുന്ന പൗരാവകാശങ്ങളെ പ്രതി ഇന്ത്യയിലെ നീതിന്യായ കാഴ്ചപ്പാട്. 1989ലെ ശ്രദ്ധേയമായ പണ്ഡിറ്റ് പരമാനന്ദ് കട്ടര കേസിലാണ് നിര്‍ണായകമായ നിരീക്ഷണത്തെ സുപ്രീം കോടതി ഉയര്‍ത്തിക്കാട്ടിയത്. ഭരണഘടനയുടെ 21ാം അനുഛേദത്തിന്റെ ഭാഗമായ അന്തസ്സുള്ളതും നീതിപൂര്‍വവുമായ പെരുമാറ്റത്തിനുള്ള അവകാശം ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രം അര്‍ഹതപ്പെട്ടതല്ല. മരണാനന്തരം മൃതദേഹവും അതര്‍ഹിക്കുന്നു എന്ന് പ്രസ്തുത വിധിയില്‍ പരമോന്നത നീതിപീഠം അടിവരയിട്ടു കാണിച്ചു.

ഹാഥ്‌റസിലെ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന തുല്യതയില്ലാത്ത ക്രൂരതയെ മരണാനന്തര ശേഷക്രിയകള്‍ ലഭ്യമാക്കാത്ത കേസായി നിസ്സാരവത്കരിക്കുകയല്ല. എല്ലാ വിധ പൈശാചിക ക്രൂരതകളുമേറ്റുവാങ്ങി മരിച്ചപ്പോഴും ജനനം തന്നെ അപരാധമെന്ന് സംഘ്പരിവാര്‍ പ്രത്യയശാസ്ത്രം കരുതുന്ന ദളിത് ജീവിതങ്ങള്‍ക്ക് മരണാനന്തരം എന്തവകാശം വകവെച്ചു കൊടുക്കാനാണ്. അതുകൊണ്ടാണ് അര്‍ധ രാത്രിയില്‍ ഇരയുടെ കുടുംബത്തെ അറിയിക്കാതെയും അവരുടെ സമ്മതം തേടാതെയും പോലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ചിതയൊരുക്കി കത്തിച്ചു കളഞ്ഞത്. നിയമപരമായി മരണാനന്തര കര്‍മങ്ങള്‍ ലഭ്യമാകാനുള്ള അവകാശം ഇരക്കുള്ളതുപോലെ അത് നിര്‍വഹിക്കാനുള്ള കുടുംബത്തിന്റെ അടിസ്ഥാന അവകാശത്തെക്കൂടെ നിസ്സങ്കോചം നിഷേധിച്ചെങ്കില്‍ പരിഷ്‌കൃത ലോകത്തെ വെളിച്ചം എത്തിനോക്കാത്ത തുരുത്തായി മാറുകയാണ് ഉത്തര്‍ പ്രദേശ്. നിയമവാഴ്ചയും മനുഷ്യത്വവും അന്യം നിന്നുപോയ ഒരു നാട്ടില്‍ അധികാരവും ഉന്നതങ്ങളിലെ സ്വാധീനവും ഉപയോഗിച്ച് എന്ത് തെമ്മാടിത്തത്തിനും മറയിടാന്‍ മാത്രം ആത്മവിശ്വാസം കുറ്റവാളികള്‍ക്ക് നല്‍കുകയാണ് യോഗി ആതിദ്യനാഥ് ഭരണകൂടം. പെണ്‍കുട്ടിയെ മരണത്തിന് വിട്ടുകൊടുത്ത ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഉന്നത ജാതിക്കാരായ നാല് യുവാക്കളും മുഖ്യമന്ത്രിയും ജാതിയില്‍ ഉയര്‍ന്ന താക്കൂറുകാരാകുമ്പോള്‍ യോഗി സര്‍ക്കാറും പോലീസും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്തതൊക്കെ തന്നെയാണ് നീതി എന്നാണ് പരസ്യ ആക്രോശങ്ങളുടെ പൊരുള്‍.

കുറ്റവാളികളെ ഏത് വിധവും രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ് ഹാഥ്‌റസില്‍ ഭരണകൂട മെഷിനറി. അതിനു വേണ്ടി ഒരു വശത്ത് ഫോറന്‍സിക് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി വലിയ പ്രചാരണം നടത്തിയപ്പോള്‍ മറുവശത്ത് ജാതിസ്പര്‍ധ വളര്‍ത്തുന്നെന്നും സര്‍ക്കാറിനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടന്നെന്നും ആരോപിച്ചു. കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പലപ്പോഴും കള്ളം പറയാറുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും കഴുത്തിലേറ്റ ക്ഷതവും തുടര്‍ന്നുണ്ടായ ശാരീരിക ആഘാതവുമാണ് മരണ കാരണമെന്നുമാണ് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി പ്രശാന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇരയുടെ ശരീരത്തില്‍ നിന്ന് ശുക്ലം കണ്ടെത്തിയില്ലെന്നും അതിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിനെ അവലംബമാക്കി പറയുന്ന യു പി പോലീസ് രാജ്യത്തെ നിയമ വ്യവസ്ഥയെ അവഹേളിക്കുകയാണ് ചെയ്യുന്നത്. ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ ശുക്ലത്തിന്റെ സാന്നിധ്യം അനിവാര്യ ഘടകമല്ലെന്ന് രാജ്യത്തെ നിയമം പഠിപ്പിക്കുമ്പോള്‍ യോഗിയുടെ പോലീസിന് അത് ബാധകമല്ലാതിരിക്കുന്നത് കുറ്റവാളികളെ എന്തു വില കൊടുത്തും രക്ഷപ്പെടുത്തണം എന്ന് തീര്‍ച്ചപ്പെടുത്തിയതുകൊണ്ട് മാത്രമാണ്. ഇരയുടെ ശക്തമായ മരണമൊഴി അനുസരിച്ച് ബലാത്സംഗം നടന്നിട്ടുണ്ട് എന്ന് വരുമ്പോഴാണ് യു പി സര്‍ക്കാറിന്റെ ധിക്കാരപരമായ ഈ നീക്കങ്ങള്‍.

നേരായ കേസന്വേഷണവും വിചാരണയും നടക്കാന്‍ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ പരമോന്നത കോടതി തന്നെ ഇടപെടേണ്ടി വന്ന യു പിയിലെ മൂന്നാമത്തെ സംഭവമാണ് ഹാഥ്റസ്. 2017ലാണ് ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ ബി ജെ പി നേതാവും എം എല്‍ എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് പരാതി ലഭിച്ചിട്ടും യോഗി സര്‍ക്കാര്‍ അനങ്ങിയില്ല. ഒടുവില്‍ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുമ്പില്‍ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് പോലീസ് കേസെടുത്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് തൊട്ടടുത്ത ദിവസം പോലീസ് കസ്റ്റഡിയില്‍ മരിച്ചു. സെന്‍ഗാറിനെതിരെ പെണ്‍കുട്ടി ലൈംഗിക പീഡനാരോപണം ഉന്നയിച്ച സമയത്ത് ഒരു പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അറസ്റ്റ് ചെയ്തതായിരുന്നു ഇരയുടെ പിതാവിനെ. അപ്പോഴും കുറ്റാരോപിതനായ ബി ജെ പി. എം എല്‍ എയെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ യു പി പോലീസ് തയ്യാറായില്ല. പിന്നീട് 2018 ഏപ്രിലില്‍ അലഹബാദ് ഹൈക്കോടതി അന്ത്യശാസനം നല്‍കിയപ്പോള്‍ മാത്രമാണ് സെന്‍ഗാര്‍ അഴിക്കുള്ളിലായത്.

കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഇരക്ക് നീതി ലഭിക്കാനുള്ള സാധ്യത തെളിഞ്ഞു. സാമൂഹിക പിന്തുണയോടെ പെണ്‍കുട്ടിയുടെ കുടുംബം നിയമപോരാട്ടം തുടരവെ 2019 ജൂലൈ 28ന് റായ്ബറേലിക്ക് സമീപം ഇരയും അഭിഭാഷകനും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാറിലേക്ക് അസ്വാഭാവിക രീതിയില്‍ പാഞ്ഞെത്തിയ ട്രക്ക് ഇടിച്ചു കയറി. സംഭവത്തിന് കുറച്ച് നാള്‍ മുമ്പ് തന്റെ ജീവന്‍ അപകടത്തിലാണെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ടു കൊണ്ട് പെണ്‍കുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. അപകടത്തില്‍ ബന്ധുക്കള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. അതോടെ സ്വമേധയാ നടപടി സ്വീകരിച്ച സുപ്രീം കോടതി ബലാത്സംഗവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തര്‍ പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിക്ക് ഡല്‍ഹി എയിംസില്‍ ചികിത്സ നല്‍കാനും 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാനും ഉത്തരവിടുകയുണ്ടായി. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ട്രക്ക് അപകടം വരുത്തിയ കേസ് ഉത്തര്‍ പ്രദേശ് പോലീസില്‍ നിന്ന് സി ബി ഐ ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചു. ഒടുവില്‍ ബലാത്സംഗ കേസില്‍ കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയിലെ വിചാരണാ കോടതി കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലും ട്രക്കപകട കേസിലും വിചാരണ പുരോഗമിച്ചു കൊണ്ടിരിക്കുകയുമാണ്.

ഷാജഹാന്‍പൂരില്‍ നിയമ വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഒന്നാം മോദി സര്‍ക്കാറില്‍ മന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്‍മയാനന്ദായിരുന്നു പ്രതിസ്ഥാനത്ത്. പതിവു പോലെ യോഗി ഭരണകൂടം നടപടിയെടുക്കുന്നതില്‍ നിഷ്‌ക്രിയത്വം കാണിച്ചു. കുറ്റവാളിക്ക് പോറലേല്‍ക്കാതെ പുറത്തു കടക്കാനുള്ള വഴിയൊരുക്കി കൊടുക്കുകയായിരുന്നു യു പി പോലീസ്. ചിന്‍മയാനന്ദ് ഡയറക്ടറായ സ്വാമി ശുക്‌ദേവാനന്ദ് ലോ കോളജിലെ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടിയെ ആരോപണമുന്നയിച്ചതിന്റെ അടുത്ത ദിവസം കാണാതായി. തുടര്‍ന്ന് അഭിഭാഷക സംഘം വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ യു പി സര്‍ക്കാറിനും പോലീസിനും നോട്ടീസയച്ച് വിവരം തേടിയ മുറക്ക് പെണ്‍കുട്ടിയെ ജയ്പൂരില്‍ കണ്ടെത്തി. ഇരയെ വേട്ടയാടുകയും അപമാനിക്കുകയും ചെയ്യുന്ന പതിവ് രീതി തന്നെയാണ് യു പിയില്‍ നടക്കുന്നത് എന്നതില്‍ രോഷം പ്രകടിപ്പിച്ച സുപ്രീം കോടതി ഐ ജി റാങ്കിലുള്ള പോലീസ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് കേസന്വേഷിക്കണമെന്നും അലഹബാദ് ഹൈക്കോടതി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും ഉത്തരവിട്ടതിന് ശേഷമാണ് കേസിന്റെ പോക്കില്‍ നേരിയതെങ്കിലും മാറ്റമുണ്ടായത്. അതില്‍ പിന്നെ ഇരക്ക് മേല്‍ നിരന്തര സമ്മര്‍ദമുയര്‍ത്തി കേസ് അട്ടിമറിച്ചത് ഈയിടെയാണ്. സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായി ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുണ്ട് ഉത്തര്‍ പ്രദേശില്‍. അപ്പോഴൊക്കെയും ഇരയുടെ ജാതിയും മതവും നീതിനിഷേധത്തിന്റെ ഹേതുകമായി മാറുന്നത് തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെയും പ്രത്യയശാസ്ത്ര സങ്കുചിതത്വത്തിന്റെയും മറനീക്കിയ പ്രയോഗം വഴിയാണ്. ജാതിയില്‍ ഉയര്‍ന്നവനും അധികാര സ്വാധീനം ഉറപ്പിച്ചവനുമാണ് വേട്ടക്കാരനെങ്കില്‍ യോഗി സര്‍ക്കാര്‍ സകല നിയമ പാഠങ്ങളെയും വെല്ലുവിളിച്ചു കൊണ്ടാണ് വേട്ടക്കാരനൊപ്പം പരസ്യമായി ചേരുന്നത്. ദളിത്, ന്യൂനപക്ഷ ജീവനുകള്‍ ഒരു നീതിയും അര്‍ഹിക്കുന്നില്ലെന്ന് ഭരണകൂടം കരുതുന്നു. അതിനാലാണ് യു പിയില്‍ നിന്നുയര്‍ന്നു കൊണ്ടിരിക്കുന്ന തേങ്ങലുകള്‍ വനരോദനങ്ങളാകാതിരിക്കാന്‍ ഭരണഘടനാ കോടതികള്‍ക്ക് കൂടുതല്‍ ജാഗ്രത കാണിക്കേണ്ടി വരുന്നത്. യു പിയെ ചൂണ്ടി എന്താണ് രാജ്യത്ത് നടക്കുന്നതെന്ന് ഇടക്കിടെ ചോദിക്കേണ്ടി വരുന്നത്.

Latest