Connect with us

Ongoing News

മുംബൈ കൊടുങ്കാറ്റ്; പത്തു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങി ചെന്നൈ

Published

|

Last Updated

ഷാര്‍ജ | മുംബൈയുടെ ഓള്‍റൗണ്ട് പ്രകടനത്തിനു മുമ്പില്‍ തകര്‍ന്നടിഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. പത്തു വിക്കറ്റിന്റെ ആധികാരിക ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ മുന്നോട്ടുവച്ച 114 റണ്‍സ് 46 പന്തുകള്‍ ബാക്കിയിരിക്കെ മുംബൈ മറികടന്നു. വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെയായിരുന്നു മുംബൈയുടെ വിജയം.

മൂന്ന് ഓവറുകള്‍ പൂര്‍ത്തിയാകുമ്പോഴേക്കും നാല് മുന്‍നിര വിക്കറ്റുകളാണ് ചെന്നൈ ബലികഴിച്ചത്. നാല് റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ചെന്നൈയുടെ സ്‌കോര്‍. ആറാം ഓവറില്‍ അഞ്ചാം വിക്കറ്റും നഷ്ടപ്പെട്ടു. ഋതുരാജ് ഗെയ്കവാദും എന്‍ ജഗദീശനും സ്‌കോര്‍ ബോര്‍ഡ് തുറക്കാനാകാതെ മടങ്ങിയപ്പോള്‍ അമ്പാട്ടി റായിഡു രണ്ടും ഫാഫ് ഡുപ്ലെസി ഒന്നും രവീന്ദ്ര ജഡേജ ഏഴും റണ്‍സെടുത്ത് കൂടാരം കയറി.
ഏഴാം ഓവറില്‍ 16 റണ്‍സെടുത്തിരുന്ന നായകന്‍ ധോണിയും ഒമ്പതാം ഓവറില്‍ റണ്ണൊന്നുമെടുക്കാതെ ദീപക് ചാഹറും വീണു. അര്‍ധ ശതകം നേടിയ സാം കരന് (52) മാത്രമാണ് ചെന്നൈ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. നാല് വിക്കറ്റ് വീഴ്ത്തിയ ടെന്റ് ബോള്‍ട്ടാണ് ചെന്നൈയെ എറിഞ്ഞിടുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. പീത് ബുംറ, രാഹുല്‍ ചാഹര്‍ എന്നിവരുടെ ബൗളിംഗും നിര്‍ണായകമായി. ബോള്‍ട്ടാണ് കളിയിലെ താരം.

മറുപടി ബാറ്റിംഗില്‍ 37 പന്തില്‍ 46 അടിച്ചെടുത്ത ഡികോക്കിന്റെയും 37 പന്തില്‍ 68 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെയും പ്രകടനം മുംബൈക്ക് അനായാസ വിജയം സമ്മാനിച്ചു. ഇഷാന്‍ അഞ്ച് സിക്‌സും ആറും ഫോറും പറത്തിയപ്പോള്‍ ഡികോക്കിന്റെ ബാറ്റില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറും പിറന്നു. പരുക്കേറ്റ രോഹിത് ശര്‍മ ഇല്ലാതെയാണ് മുംബൈ കളത്തിലിറങ്ങിയത്. രോഹിത്തിനു പകരം കിറോണ്‍ പൊള്ളാര്‍ഡ് ആണ് ടീമിനെ നയിച്ചത്.

Latest