വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്ന ആരോപണം; പഞ്ചാബ് മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമന്‍സ്

Posted on: October 23, 2020 11:19 pm | Last updated: October 24, 2020 at 7:22 am

ചണ്ഡീഗഢ് | വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നും, നികുതിയടക്കാതെ വിദേശ ആസ്തികള്‍ കൈവശം വച്ചുവെന്നുമുള്ള ആരോപണത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മകന്‍ റനീന്ദര്‍ സിംഗിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സമന്‍സയച്ചു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ഇ ഡിയുടെജലന്ധര്‍ ഓഫീസില്‍ എത്താനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡ്, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ റനീന്ദറിന് നിക്ഷേപമുണ്ടെന്ന് ആരോപണമുണ്ട്. ഇതില്‍ വിശദീകരണം നല്‍കണമെന്നാണ് സമന്‍സിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ ലക്ഷ്യമിടുന്ന ബില്ലുകള്‍ സംസ്ഥാനത്ത് അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെ അമരീന്ദര്‍ സിംഗിന്റെ മകനെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള ഇ ഡി നീക്കത്തിന് പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍.