Connect with us

Covid19

അതിഥി തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് വ്യാപനം; കോന്നിയിലെ ദര്‍ശന്‍ ഗ്രാനൈറ്റ് അടപ്പിച്ചു

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് വ്യാപനം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ (ഒക്ടോബര്‍ 20, 21, 22) ജില്ലയില്‍ 44 അതിഥി തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഏറെയും കേരളത്തില്‍ പുതിയതായി ജോലിക്കായി എത്തിയവരാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചത് പത്തനംതിട്ട നഗരസഭാ പരിധിയിലും കോയിപ്രം, പുല്ലാട് മേഖലകളിലുമാണ്.

കലഞ്ഞൂര്‍ കൂടലില്‍ ദര്‍ശന്‍ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തില്‍ ആരോഗ്യ വകുപ്പ് വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ 12 പേര്‍ക്ക് രോഗബാധ കണ്ടെത്തി. ഇവിടെ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടാകാനിടയുണ്ട്. വടശ്ശേരിക്കര, ഓമല്ലൂര്‍, മലയാലപ്പുഴ, കലഞ്ഞൂര്‍, മല്ലപ്പള്ളി, മൈലപ്ര, തണ്ണിത്തോട്, ആറന്മുള, ചെറുകോല്‍, കോന്നി, നാറാണംമൂഴി, പ്രമാടം, റാന്നി പെരുനാട്, തിരുവല്ല നഗരസഭ, വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലാണ് ഇതുവരെ അതിഥി തൊഴിലാളികളിലെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കോന്നി കൂടലില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ശന്‍ ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തില്‍ 12 അതിഥി തൊഴിലാളികള്‍ക്കും രണ്ടു തദ്ദേശവാസികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഏഴു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ കോന്നി തഹസില്‍ദാര്‍ കെ ശ്രീകുമാര്‍ ഉത്തരവിട്ടു. അതിഥി തൊഴിലാളികള്‍ക്കിടയില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ വ്യാപിക്കാന്‍ സാധ്യത ഏറെയായതിനാല്‍ ഇവരുടെ താമസ സ്ഥലങ്ങള്‍ കണ്ടെത്തി കൊവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ എല്‍ ഷീജ അറിയിച്ചു.

Latest