അതിര്‍ത്തിയില്‍നിന്നുള്ള പിന്‍മാറ്റം ; ചൈനയുടെ ഉപാധികള്‍ ഇന്ത്യ തള്ളി

Posted on: October 23, 2020 1:18 pm | Last updated: October 23, 2020 at 6:12 pm

ന്യൂഡല്‍ഹി | അതിര്‍ത്തിയിലെ തങ്ങളുടെ കടന്നു കയറ്റം പിന്‍വലിക്കുന്നതിന് ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ. ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശമാണ് തള്ളിയത്. ആയുധങ്ങള്‍ പിന്‍വലിച്ച ശേഷം അതിര്‍ത്തിയിലേക്ക് ഇന്ത്യയെക്കാള്‍ വേഗത്തില്‍ തിരിച്ച് എത്തിക്കാനുള്ള സംവിധാനം രഹസ്യമായി ചൈന ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമഗ്രപിന്‍മാറ്റം മാത്രമേ സാധ്യമുള്ളു എന്ന നിലപാട് ഇന്ത്യ സ്വീകരിക്കുന്നത്

നിയന്ത്രണരേഖയ്ക്കടുത്തുള്ള മലനിരകളിലേക്ക് കയറിയ ഇന്ത്യന്‍ സേന വലിയ തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും ഇവിടെ എത്തിച്ചിരുന്നു. ആദ്യം ഈ ആയുധങ്ങള്‍ പിന്‍വലിക്കുക എന്ന ചൈനീസ് നിര്‍ദ്ദേശം തള്ളിയാണ് സമ്പൂര്‍ണ്ണ പിന്‍മാറ്റം എന്ന ആവശ്യം ഇന്ത്യ മുന്നോട്ടു വച്ചത്.

അതേസമയം യുദ്ധകപ്പലുകള്‍ തകര്‍ക്കാനുള്ള മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് നാവികസേന വ്യക്തമാക്കി.ശത്രുവിന്റെ കപ്പലുകള്‍ തുറക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്. നാവികസേനയുടെ ചെറിയ യുദ്ധകപ്പലില്‍ നിന്ന്തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യം കൃത്യമായി കണ്ടു. യുദ്ധടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള നാഗ് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിനു പിന്നാലെയാണിത്.

അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് മാറ്റമില്ലാത്തപ്പോഴാണ് സേനകള്‍ ഈ തയ്യാറെടുപ്പുകള്‍ തുടരുന്നത്.

.