മഹാസഖ്യത്തിനൊപ്പം നില്‍ക്കുന്നത് സംഘ്പരിവാറിനെതിരായ പോരാട്ടത്തിന്റെ ഭാഗം: സി പി ഐ എം എല്‍

Posted on: October 23, 2020 8:36 am | Last updated: October 23, 2020 at 11:41 am

പാറ്റ്‌ന | ബീഹാറില്‍ മഹാസഖ്യത്തിനൊപ്പം നിന്ന് മത്സരിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി സി പി ഐ എം എല്‍. സംഘ്പരിവാറിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് ആദ്യമായി മഹാസഖ്യത്തിനൊപ്പം ചേര്‍ന്ന് മത്സരിക്കുന്നതെന്ന് സി പി ഐ എം എല്‍ ലിബറേഷന്‍ പോളിറ്റ്ബ്യൂറോ അംഗം കവിതാ കൃഷ്ണന്‍. മഹാസഖ്യം അധികാരത്തിലേറിയാല്‍ ഭരണത്തില്‍ തങ്ങള്‍ പങ്കാളികളാകില്ല. പുറത്ത് നിന്ന് പിന്തുണക്കും. വേണ്ട ഇടപെടലും മാര്‍ഗ നിര്‍ദേശവും നടത്തുമെന്നും ഏഷ്യാനറ്റിന് അനുവദിച്ച അഭിമുഖത്തില്‍ ഇവര്‍ പറഞ്ഞു.

‘ഞങ്ങളുടെ ശക്തി ഞങ്ങള്‍ക്കറിയാം. ആ ശക്തി ബി ജെ പി വിരുദ്ധതക്ക് ശക്തിപകരാന്‍ പിന്തുണയാകും. മഹാസഖ്യം അധികാരത്തിലെത്തിയാലും ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാകില്ല. മന്ത്രിസ്ഥാനങ്ങള്‍ ഏറ്റെടുക്കില്ല. എന്നാല്‍ സര്‍ക്കാറിന് മാര്‍ഗ നിര്‍ദേശം നല്‍കാനും ഇടപെടാനും ഞങ്ങളുണ്ടാകും- കവിതാ കൃഷ്ണന്‍ പറഞ്ഞു.

ഭൂസമരങ്ങളിലൂടെയും ദളിതുകളുടെ അവകാശ പോരാട്ടങ്ങളിലൂടെയുമാണ് ബീഹാറിന്റെ മണ്ണില്‍ സി പി ഐ എം എല്‍ വേരുറപ്പിച്ചത്. ആര്‍ ജെ ഡി ഉള്‍പ്പെടുന്ന മഹാസഖ്യത്തിനൊപ്പം തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പാര്‍ട്ടി തീരുമാനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മൂന്ന് എം എല്‍ എമാരുള്ള പാര്‍ട്ടിയുടെ ഒറ്റയാള്‍ പോരാട്ടം എവിടെയുമെത്തില്ലെന്ന് കണ്ടാണ് സംഘ് പരിവാര്‍ ശക്തികള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ മഹാസഖ്യത്തിനൊപ്പം നിന്നത്. ബി ജെ പി- ജെ ഡി യു സഖ്യം ബീഹാര്‍ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ബിഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായി 19 സീറ്റുകളിലേക്കാണ് സി പി ഐ എം എല്‍ മത്സരിക്കുന്നത്.