Connect with us

National

രാജസ്ഥാനെ അനായാസം കീഴടക്കി ഹൈദരാബാദ്

Published

|

Last Updated

ദുബൈ | സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാനോടേറ്റ തോല്‍വിക്ക് കണക്ക് തീര്‍ത്ത് ഹൈദരാബാദ്. ഒപ്പം പ്ലേ ഓഫ് സാധ്യതയും ശക്തമാക്കി. മനീഷ് പാണ്ഡെയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് കരുത്തില്‍ സണ്‍റൈസേഴ്‌സ് എട്ട് വിക്കറ്റിന്റെ അനായാസ ജയം കുറിക്കുകയായിരുന്നു. രാജസ്ഥാന്റെ 155 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 11 പത്ത് പന്ത് ബാക്കിയിരിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. വിജയ് ശങ്കറിനെ ഒപ്പം നിര്‍ത്തി മനീഷ് പാണ്ഡെ തീര്‍ത്ത 140 റണ്‍സിന്റെ കൂട്ട്‌കെട്ടാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. പാണ്ഡെ 47 പന്തുകളില്‍ നിന്നും 83 റണ്‍സും വിജയ് ശങ്കര്‍ 51 പന്തുകളില്‍ നിന്നും 52 റണ്‍സും കുറിച്ചു.

രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. 36 റണ്‍സെടുത്ത സഞ്ജു സാംസണാണ് ടോപ് സ്‌കോറര്‍. സ്റ്റോക്‌സ് 30 റണ്‍സും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 19 റണ്‍സും നേടി. അവസാന ഓവറുകളില്‍ ആര്‍ച്ചര്‍ നടത്തിയ ചില തകര്‍പ്പന്‍ ഷോട്ടുകളാണ് 150 കടത്തിയത്.
സണ്‍റൈസേഴ്സിന് വേണ്ടി ഹോള്‍ഡര്‍ മൂന്നു വിക്കറ്റുകളും റാഷിദ് ഖാന്‍, വിജയ് ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ വാര്‍ണറെ മടക്കി ജോഫ്ര ആര്‍ച്ചര്‍ സ്വപ്നതുല്യമായ തുടക്കം നല്‍കി. നാല് റണ്‍സെടുത്ത വാര്‍ണറുടെ ഷോട്ട് മികച്ച ഒരു ഡൈവിലൂടെ സ്റ്റോക്സ് കൈയ്യിലൊതുക്കി. പത്ത് റണ്‍സ് കുറിച്ച ബെയര്‍‌സ്റ്റോക്കും ആര്‍ച്ചറിന് മുന്നില്‍ കീഴ്ടങ്ങിയതോടെ ഹൈദരാബാദ് പരുങ്ങലിലായി. എന്നാല്‍ പിന്നീട് ക്രീസിലെത്തി മനീഷ് പാണ്ഡെയും വിജയ് ശങ്കറും കാര്യങ്ങള്‍ മാറ്റിമറിക്കുകയായിരുന്നു. ആക്രമിച്ച് കളിച്ച പാണ്ഡെയുടെ കരുത്തില്‍ സണ്‍റൈസേഴ്സ് പവര്‍പ്ലേയില്‍ 58 റണ്‍സെടുത്തു. തുടക്കത്തില്‍ പാണ്ഡെയ്ക്ക് അവസരമൊരുക്കി കളിച്ച ശങ്കര്‍ പിന്നീട് ആക്രമണം പുറത്തെടുത്തു. ഇതോടെ രാജസ്ഥാന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നടിയുകയായിരുന്നു.