കുമ്മനത്തിനെതിരായ കേസ്; സംസ്ഥാനത്ത് നാളെ ബി ജെ പി കരിദിനം

Posted on: October 22, 2020 10:13 pm | Last updated: October 23, 2020 at 8:25 am

തിരുവനന്തപുരം | കുമ്മനം രാജശേഖരനെതിരെ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായി കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് ബി ജെ പി നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും. വീടുകളിലും കവലകളിലും കരിങ്കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. സ്വര്‍ണക്കടത്തില്‍ നാണം കെട്ട സര്‍ക്കാര്‍ കുമ്മനത്തിനെതിരെ കേസെടുത്ത് ബി ജെ പി വേട്ട നടപ്പാക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പേപ്പര്‍ കോട്ടണ്‍ മിക്സ് നിര്‍മിക്കുന്ന കമ്പനിയുടെ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് ആറന്‍മുള സ്വദേശി ഹരികൃഷ്ണനില്‍ നിന്ന് 30 ലക്ഷം രൂപ വാങ്ങിപ്പറ്റിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനം അടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്. കുമ്മനത്തിന്റെ മുന്‍ പി എ ആയിരുന്ന പ്രവീണാണ് കേസില്‍ ഒന്നാം പ്രതി. കേസില്‍ നാലാം പ്രതിയാണ് കുമ്മനം. പരാതിയില്‍ പ്രാഥമിക പരിശോധനക്ക് ശേഷമാണ് ആറന്മുള പോലീസ് സാമ്പത്തിക തട്ടിപ്പിനുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. ഐ പി സി 406, 420, 34 വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.