Connect with us

Idukki

വാഗമണ്ണില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് ഹരിത ചെക്ക് പോസ്റ്റും കാവല്‍ക്കാരും

Published

|

Last Updated

പത്തനംതിട്ട | ഈ സീസണില്‍ വാഗമണ്‍ കാണാനെത്തുന്നവര്‍ ഒന്നമ്പരന്നേക്കും. വാഗമണ്ണിന്റെ അഞ്ച് പ്രവേശന കവാടങ്ങളിലും രാവും പകലും പ്രവര്‍ത്തിക്കുന്ന ഹരിതചെക്ക് പോസ്റ്റുകളും ഹരിത കാവല്‍ക്കാരെയും കാണാം. അവര്‍ ഉറക്കമിളച്ച് കാത്തിരിക്കുകയാണ്. പ്ലാസ്റ്റിക്കും കുപ്പിയും കടലാസ്സും തുടങ്ങി വാഗമണ്ണിന്റെ മനോഹര ഭൂപ്രകൃതിയ്ക്ക് ഹാനി വരുത്തുന്ന യാതൊന്നും അവിടെയെത്തുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനാണ് ഈ ജാഗ്രത.

കാരണം സംസ്ഥാനത്തെ ആദ്യ ഹരിത ടൂറിസം ഡെസ്റ്റിനേഷനാണ് വാഗമണ്‍. അഞ്ച് പ്രധാന കവാടങ്ങളാണ് വാഗമണ്ണിലേയ്ക്കുള്ളത്. അവിടെ പഞ്ചായത്ത് അതിര്‍ത്തികളിലെല്ലാം വാഹനങ്ങളെയും യാത്രികരെയും സ്വാഗതം ചെയ്യുന്നത് ഹരിത ചെക്ക്‌പോസ്റ്റുകളും ഹരിതകര്‍മ സേനാംഗങ്ങളുമാണ്. അവര്‍ നിങ്ങളുടെ വാഹനം കൈ കാണിച്ച് നിര്‍ത്തും. വാഹനത്തില്‍ പ്ലാസ്റ്റിക്കു കുപ്പികളോ മിഠായി കവറോ തുടങ്ങി വലിച്ചെറിയാനുള്ളതെന്തെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവരത് വാങ്ങും. ഒന്നും വലിച്ചെറിയരുതേയെന്ന് സ്‌നേഹത്തോടെ ഉപദേശിക്കും.

ഹരിത ചെക്ക്‌പോസ്റ്റിന്റെ പ്രവര്‍ത്തനത്തിനുള്ള പത്തു രൂപയുടെ രസീതും നല്‍കും. തുണിസഞ്ചിയോ മറ്റ് പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങളോ വാങ്ങണമെന്ന് തോന്നിയാല്‍ ചെക്ക് പോസ്റ്റിന് സമീപത്തെ ഗ്രീന്‍ കൗണ്ടറുകളില്‍ അതിനും സൗകര്യമുണ്ട്. അതല്ലെങ്കില്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ഷോപ്പുകള്‍ വേറെയുമുണ്ട്. വെള്ളം കുടിച്ച കുപ്പികളൊന്നും വലിച്ചെറിയേണ്ട, വഴിനീളെയെന്ന് പറയാവുന്ന പോലെ ബോട്ടില്‍ ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അവിടെ നിക്ഷേപിച്ചാല്‍ മതിയാകും.

അതെല്ലാം അവിടെ കുന്നുകൂടി കിടക്കുമെന്ന പേടിയും വേണ്ട. യഥാസമയം അത് നീക്കാന്‍ ഹരിതകര്‍മ സേനാംഗങ്ങളുണ്ട്. ഇവയെല്ലാം സംഭരിച്ചു സൂക്ഷിക്കുന്നതിന് രണ്ട് സംഭരണ കേന്ദ്രങ്ങളും (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) സജ്ജമാണ്. അവിടെ തരംതിരിച്ച് സൂക്ഷിക്കുന്ന അജൈവ പാഴ്വസ്തുക്കള്‍ നിശ്ചിത ഇടവേളകളില്‍ സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനിയാണ് നീക്കം ചെയ്യുന്നത്. വാഗമണ്‍ നേരിട്ടിരുന്ന രൂക്ഷമായ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടവും ഹരിതകേരളം മിഷനും മുന്‍കൈയെടുത്ത് ഏലപ്പാറ ഗ്രാമപ്പഞ്ചായത്തുമായി ചേര്‍ന്നു നടത്തിയ ഇടപെടലുകളാണ് മാറ്റത്തിന് തുടക്കം കുറിച്ചത്.

പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളായ വാഗമണ്‍, മൊട്ടക്കുന്ന്, പൈന്‍വാലി എന്നിവിടങ്ങളിലെല്ലാം റോഡും പരിസരവും വൃത്തിയാണ്. ജൈവ മാലിന്യങ്ങളൊന്നും പ്ലാസ്റ്റിക്കില്‍ കെട്ടി വലിച്ചെറിഞ്ഞത് കാണാനില്ല. ടൗണില്‍ കടകളില്‍ നിന്നും മറ്റുമുള്ള ജൈവ മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ തുമ്പൂര്‍മൂഴി സംസ്‌കരണ പ്ലാന്റില്‍ നല്ല വളമാക്കുകയാണ്. ഏലപ്പാറ ഗ്രാമപ്പഞ്ചായത്തും ഹരിതകേരള മിഷനും ചേര്‍ന്ന് നടപ്പാക്കിയ “വഴികാട്ടാന്‍ വാഗമണ്‍” എന്ന പദ്ധതിയിലൂടെ വാഗമണ്‍ പ്രദേശത്ത് വന്ന മാറ്റങ്ങളാണിവ.

ഇപ്പോള്‍ ഇവിടെയെത്തിയാല്‍ ആര്‍ക്കും ഒന്നും വലിച്ചെറിയാന്‍ തോന്നാത്ത സ്ഥിതിയുണ്ട്.
സംസ്ഥാനത്തെ ആദ്യ ഹരിത ചെക്ക് പോസ്റ്റുകളാണ് ഏലപ്പാറ ഗ്രാമപ്പഞ്ചായത്തിലേതെന്ന് ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി എന്‍ സീമ പറഞ്ഞു. ഹരിത കേരളം നടപ്പാക്കുന്ന ഹരിത ടൂറിസത്തിന്റെ പരീക്ഷണ മാതൃകയാണ് ഏലപ്പാറ ഗ്രാമപ്പഞ്ചായത്തിലേത്. ഇത് വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹരിത ചെക്ക്‌പോസ്റ്റുകളാണ് വാഗമണ്ണിലേത്. ഏലപ്പാറ ടൗണ്‍, വട്ടപ്പതാല്‍, പുള്ളിക്കാനം, വാഗമണ്‍ (വഴിക്കടവ്), ചെമ്മണ്ണ് എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളോടനുബന്ധിച്ചാണ് അഞ്ച് ഗ്രീന്‍ കൗണ്ടറുകളും.

പ്രമുഖ ടൂറിസം പോയിന്റുകളായ മൊട്ടക്കുന്ന്, പൈന്‍വാലി പാര്‍ക്കിംഗ് ഗ്രൗണ്ട്, പൈന്‍ വാലി കവാടം, വാഗമണ്‍, വാഗമണ്‍ ടീ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ഗ്രീന്‍ ഷോപ്പുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഗ്രീന്‍ ഷോപ്പുകളില്‍ പരിസ്ഥിതി സൗഹൃദ ബദലുകളും ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സംവിധാനങ്ങളുമെല്ലാം ഒരുക്കി വരികയാണ്. ഉപ്പുതറ, ഏലപ്പാറ ടൗണ്‍, വാഗമണ്‍ ടൗണ്‍, വാഗമണ്‍ ടീ ജംഗ്ഷന്‍, പുള്ളിക്കാനം, മൊട്ടക്കുന്ന്, പാര്‍ക്കിംഗ് ഗ്രൗണ്ട്, കൊച്ചുകരിന്തരുവി എന്നിവിടങ്ങളിലാണ് മേല്‍നോട്ട ചുമതലകളോടെ ബോട്ടില്‍ ബൂത്തുകള്‍ തുറന്നിരിക്കുന്നത്. വാഗമണ്ണിലേയ്ക്കുള്ള ഉപ്പുതറ, ഏലപ്പാറ, തീക്കോയി, പുള്ളിക്കാനം, വഴിക്കടവ് അഞ്ച് റൂട്ടുകളും ഹരിത ഇടനാഴികളാക്കുന്നത് മുന്‍നിര്‍ത്തിയാണ് ഈ ക്രമീകരണങ്ങളെല്ലാം.